സിന്ധുവിന്റെ പോരാട്ടം അവസാനിച്ചു; ഒന്നാം നമ്പറിനോട് വീണ്ടും മുട്ടുമടക്കി

2021-ലെ ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പിലെ പിവി സിന്ധുവിന്റെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു. ഇന്ന് ലോക ഒന്നാം നമ്പർ താരം തായ് സൂ യിങ്ങിനോട് ആണ് സിന്ധു പരാജയപ്പെട്ടത്. ഇതോടെ നിലവിലെ ചാമ്പ്യന്റെ പ്രതിരോധം അവസാനിച്ചു.

17-21, 13-21 എന്ന സ്‌കോറിനാണ് സിന്ധു ഇന്ന് പരാജയപ്പെട്ടത്. സിന്ധുവിനെതിരായ തായ് സൂ യിങിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. 20 തവണ സിന്ധുവും തായ് സൂ യിങ്ങും നേർക്കുനേർ വന്നപ്പോൾ ആകെ അഞ്ച് തവണ മാത്രമെ സിന്ധു വിജയിച്ചിട്ടുള്ളൂ.

ഇതോടെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറാം മെഡലെന്ന റെക്കോഡ് നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് സിന്ധുവിന് നഷ്ടമായത്. നിലവില്‍ അഞ്ച് മെഡലുകളുമായി ചൈനയുടെ ഇതിഹാസ താരം ഷാങ് നിങ്ങിനൊപ്പമാണ് സിന്ധു.

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്റെ ആദ്യ ഏഴ് അവസരങ്ങളിലും തുടര്‍ച്ചയായി ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കിയിരുന്നു.

2013-ലും 2014-ലും വെങ്കല മെഡലും 2017-ലും 2018-ലും വെള്ളി മെഡലും നേടിയ സിന്ധു 2019-ലാണ് സ്വര്‍ണ നേട്ടം സ്വന്തമാക്കുന്നത്.

Top