ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള വനിത കായിക താരങ്ങളുടെ പട്ടികയില്‍ സിന്ധുവും

ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള വനിത കായിക താരങ്ങളുടെ പട്ടികയില്‍ സിന്ധുവും. ഫോബ്‌സ് മാഗസിന്‍ പുറത്ത് വിട്ട വിലയേറിയ വനിത താരങ്ങളുടെ പട്ടികയിലാണ് ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി.സിന്ധുവും ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടംപിടിച്ച ഏകതാരവും സിന്ധുവാണ്. ടെന്നീസ് ഇതിഹാസം സെറീന വില്യംസണാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

ഫോബ്‌സ് മാഗസിന്‍ പുറത്ത് വിട്ട പട്ടികയില്‍ 13-ാം സ്ഥാനത്താണ് പി.വി.സിന്ധു. 5.5 മില്യണ്‍ യു.എസ് ഡോളറാണ് സിന്ധുവിന്റെ വരുമാനം. ചൊവ്വാഴ്ചയാണ് ഫോബ്‌സ് വനിത താരങ്ങളുടെ പട്ടിക പുറത്ത് വിട്ടത്.

പുതിയ സീസണില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സിന്ധുവിന് സാധിച്ചട്ടില്ല. ഇന്തോനേഷ്യന്‍ ഓപ്പണിന്റെ ഫൈനലില്‍ ജപ്പാന്റെ യമാഗുച്ചിയോട് പരാജയപ്പെട്ട സിന്ധു ജപ്പാന്‍ ഓപ്പണില്‍ സെമി പോലും കാണാതെയാണ് പുറത്തായത്.

Top