പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം വേണം; ബലൂച്, സിന്ധി, പഷ്തോ വിഭാഗക്കാര്‍ മോദിയെ കാണാനെത്തി

ഹൂസ്റ്റണ്‍: ഹൗഡി മോദി പരിപാടിക്കായി അമേരിക്കയിലെത്തിയ മോദിക്ക് മുന്നില്‍ സഹായം അഭ്യര്‍ത്ഥിച്ച് ബലൂച്, സിന്ധ്, പഷ്തോ മേഖലയില്‍ നിന്നുള്ളവര്‍. ഹൂസ്റ്റണില്‍ നടക്കാന്‍ പോകുന്ന ഹൗഡി മോദി പരിപാടിക്കായി മോദിയും ട്രംപും ഒന്നിക്കുന്ന എന്‍.ആര്‍.ജി സ്റ്റേഡിയത്തില്‍ ഇവര്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.ഈ മേഖലയില്‍ നിന്നുള്ള അമേരിക്കയിലെ പ്രതിഷേധക്കാര്‍ ഇരു രാഷ്ട്ര നേതാക്കളെയും കാണുമെന്നാണ് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ സഹായം ആവശ്യപ്പെട്ടാണ് ഇവര്‍ മോദിയെ കാണുന്നത്.

അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പാക്ക് പ്രവിശ്യയായ ഖൈബര്‍ പക്തൂണ്‍ഖ്വയിലുള്ള ഗോത്ര വിഭാഗമാണ് പഷ്തൂണ്‍ വിഭാഗക്കാര്‍. പാക്ക് ഭരണകൂടത്തില്‍ നിന്നും സൈന്യത്തില്‍ നിന്നും നിരന്തരം പീഡനങ്ങളും അവഗണനയും നേരിടുന്നവരാണ് ഇവര്‍. പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് നിരന്തരം ആവശ്യം ഉന്നയിക്കുന്നവരാണ് ബലൂചിസ്താന്‍, സിന്ധ് പ്രവിശ്യകളില്‍ ഉള്ളവര്‍.

തങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വലിയ മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടത്തുന്നതെന്ന് ഇവര്‍ പറയുന്നു. 1971 ലെ ബംഗ്ലാദേശ് വിമോചന പ്രക്ഷോഭത്തിന് ഇന്ത്യ പിന്തുണ നല്‍കിയതുപോലെ തങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് ഇന്ത്യയുടെയും അമേരിക്കയുടെയും ഭാഗത്തുനിന്ന് സഹായമുണ്ടാകണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് ബലൂച് നാഷണല്‍ മൂവ്മെന്റ് നേതാവ് നബി ബക്ഷാ ബലൂച് പറയുന്നു. ഈ മൂന്നു വിഭാഗങ്ങളും സ്വാതന്ത്ര്യമെന്ന ആവശ്യത്തിന് പിന്തുണയുമായി ഇരു നേതാക്കളെയും കാണാനെത്തുന്നതില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

Top