രാജ്യത്ത് ഇത്തവണ ബജറ്റ് പേപ്പറുകള്‍ അച്ചടിക്കില്ല; പകരം സോഫ്റ്റ് കോപ്പികൾ നല്‍കും

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ ഇത്തവണ ബജറ്റ് പേപ്പറുകള്‍ അച്ചടിക്കില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സാമ്പത്തിക സര്‍വെയും അച്ചടിക്കില്ല. പകരം പാര്‍ലമെന്റ് അംഗങ്ങള്‍ക്കെല്ലാം സോഫ്റ്റ് കോപ്പികളാകും നല്‍കുക. സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് രാജ്യത്ത് അച്ചടിക്കാത്ത കോപ്പികളുമായി ബജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രാലയത്തിലുള്ള പ്രസിലാണ് എല്ലാ വര്‍ഷവും ബജറ്റ് പേപ്പറുകള്‍ അച്ചടിക്കാറുള്ളത്. അച്ചടിച്ച് മുദ്രയിട്ട് വിതരണം ചെയ്യുന്നതിനായി രണ്ടാഴ്ചയോളം സമയമെടുക്കുമായിരുന്നു. 100 ഓളം ജീവനക്കാരാണ് ഇതിൽ പ്രവര്‍ത്തിച്ചിരുന്നത്.

പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിച്ച് ഏപ്രില്‍ എട്ടുവരെ തുടരും. ആദ്യ സെഷന്‍ ഫെബ്രുവരി 15വരെയും രണ്ടാമത്തേത് മാര്‍ച്ച് എട്ടു മുതലാകും നടക്കുക. ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് ഏഴു വരെയുള്ള സെഷനില്‍ ഇടവേളകളുണ്ടാകും. കോവിഡ് വ്യാപനത്തെതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം നടന്നിരുന്നില്ല.

Top