ഇന്തോനേഷ്യയിലെ സിനബംഗ് അഗ്‌നിപര്‍വ്വത സ്‌ഫോടനം; പുകയും ചാരവും മൂടി പ്രദേശം ഇരുട്ടില്‍

സുമാത്ര: ഇന്തോനേഷ്യയിലെ സിനബംഗ് അഗ്‌നിപര്‍വ്വതത്തിലുണ്ടായ സ്ഫോടനത്തില്‍ പുകയും ചാരവും വ്യാപിച്ചത് അഞ്ച് കിലോമീറ്റര്‍ ദൂരമെന്ന് റിപ്പോര്‍ട്ട്. അഗ്‌നിപര്‍വ്വത അവശിഷ്ടങ്ങള്‍ അന്തരീക്ഷത്തില്‍ പരന്ന് സമീപ പ്രദേശങ്ങള്‍ ഇരുട്ടിലായെന്നാണ് റിപ്പോര്‍ട്ട്. 2010 മുതല്‍ സുമാത്രയിലെ അഗ്‌നിപര്‍വ്വതം പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. 2016 ഇവിടെ വന്‍സ്ഫോടനം നടന്നിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ രണ്ടു ചെറിയ സ്ഫോടനങ്ങള്‍ ഇവിടെ നടന്നിരുന്നു.

തിങ്കളാഴ്ച രാവിലെയുണ്ടായ സ്ഫോടനത്തില്‍ ആളപായമില്ല. എന്നാല്‍ ലാവ പുറത്തുവരാന്‍ സാധ്യതയുണ്ടെന്നതിനാലും കൂടുതല്‍ സ്ഫോടനങ്ങള്‍ ഉണ്ടായേക്കാമെന്നതിനാലും പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിനബംഗിന് സമീപത്തെ റെഡ് സോണില്‍ പ്രവേശിക്കരുതെന്ന് അധികൃതര്‍ അറിയിച്ചു.

2016 ല്‍ അഗ്‌നിപര്‍വ്വത സ്ഫോടനങ്ങളിലൊന്നില്‍ ഏഴുപേര്‍ മരിച്ചിരുന്നു. 2014ലേതില്‍ 16 പേരും മരിച്ചു. 2018 ല്‍ ജാവയ്ക്കും സുമാത്ര ദ്വീപിനുമിടയിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സമുദ്രാന്തര്‍ ഭാഗത്തെ മണ്ണിടിച്ചിലില്‍ 400 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Top