മകനു വേണ്ടി കമന്റേറ്ററായ ഗ്രീക്കോയ്ക്ക് ഫിഫയുടെ ഫാന്‍ പുരസ്‌കാരം

റോം: ജന്മനാ കാഴ്ചശക്തിയില്ലാത്ത മകനു വേണ്ടി കളിക്കളത്തിലെ വിവരങ്ങള്‍ പകര്‍ന്നു നല്‍കാന്‍ മകന്റെ സ്വകാര്യ കമന്റേറ്ററായ ബ്രസീലുകാരി സില്‍വിയ ഗ്രീക്കോയ്ക്ക് ഫിഫയുടെ ഫാന്‍ പുരസ്‌കാരം. കാഴ്ചയില്ലാത്ത, ഓട്ടിസം ബാധിച്ച മകന്‍ നിക്കോളാസിന് കളിയുടെ ആവേശം അല്പം പോലും ചോരാതെ വിവരിച്ച് നല്‍കുന്ന ഈ അമ്മയുടെയും മകന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

നിക്കോളാസിന്റെ ഇഷ്ട ടീമായ പാല്‍മെയ്‌റാസ് കളിക്കളത്തിലിറങ്ങുമ്പോഴെല്ലാം ഗ്രീക്കോ മകനേയും കൂട്ടി മത്സരം കാണാനെത്തും. അമ്മയിലുടെ കളിയൂടെ ആവേശം നിക്കോളാസില്‍ നിറയും. പാല്‍മെയ്‌റാസിന്റെ ഓരോ ഗോള്‍ വീഴുമ്പോഴും കയ്യടിച്ചും തുള്ളിച്ചാടിയും നിക്കോളാസ് തന്റെ സന്തോഷം പ്രകടിപ്പിക്കും.

യാദൃച്ഛികമായി ടെലിവിഷന്‍ ക്യാമറകള്‍ ഇരുവരുടെയും ചിത്രങ്ങള്‍ പകര്‍ത്താനിടയായതോടെയാണ് ഈ അമ്മയേയും മകനേയും കുറിച്ച് ലോകമറിഞ്ഞത്. അതോടെ പാല്‍മെയ്‌റാസ് ക്ലബിനും സുപരിചിതരായി മാറി ഗ്രീക്കോയും നിക്കോളാസും. മാത്രമല്ല തങ്ങളുടെ ഇഷ്ട താരമായ നെയ്മറെ പരിചയപ്പെടാനുള്ള അവസരവും ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്.

Top