സില്‍വര്‍ലൈന്‍ പദ്ധതി; ജനപ്രതിനിധികളുമായും മാധ്യമമേധാവികളുമായും ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധം തണുപ്പിക്കാനായി സമവായ ചര്‍ച്ചകള്‍ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി. രാഷ്ട്രീയപ്പാര്‍ട്ടികളുമായും ജനപ്രതിനിധികളുമായും മാധ്യമസ്ഥാപനങ്ങളുടെ മേധാവികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ മുഖ്യമന്ത്രി ഉത്തരം തരുന്നില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യം യുഡിഎഫ് ആലോചിച്ച് തീരുമാനിക്കുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.

നിയമസഭയില്‍ പുറത്തും ചര്‍ച്ച കൂടാതെ സില്‍വര്‍ലൈനില്‍ സര്‍ക്കാര്‍ വാശിപിടിക്കുന്നുവെന്നായിരുന്നു എതിര്‍പ്പ് ഉയര്‍ത്തുന്നവരുടെ പ്രധാന പരാതി. പ്രതിപക്ഷവും സമരസമിതിയും പ്രതിഷേധം കടുപ്പിക്കുകയും ഇടതുപക്ഷത്ത് നിന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കം എതിര്‍പ്പ് ആവര്‍ത്തിക്കുകയും സിപിഎമ്മിലും എല്‍ഡിഎഫിലും ഭിന്നാഭിപ്രായം ഉയരുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് മുന്‍കയ്യെടുത്തത്.

വിവിധ ജില്ലകളിലെ പ്രമുഖരുമായി നാളെ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. അതിന് പുറമെയാണ് എംപിമാര്‍ എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, മാധ്യമ സ്ഥാപനങ്ങളുടെ മേധാവികള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരേയുമാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിക്കുന്നത്. പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്തകയും സംശയനിവാരണവുമാണ് ലക്ഷ്യമെങ്കിലും സഹകരിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷം തീരുമാനമെടുത്തിട്ടില്ല. സര്‍ക്കാര്‍ ചര്‍ച്ചക്ക് ശ്രമിക്കുമ്പോള്‍ സമാന്തരമായി ഇടത് നേതാക്കള്‍ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിച്ച് സില്‍വര്‍ലൈനിനായി പ്രചാരണം ശക്തമാക്കുന്നുണ്ട്.

Top