സില്‍വര്‍ലൈന്‍: സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: സില്‍വര്‍ ലൈനില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ഇപ്പോള്‍ നടക്കുന്ന സര്‍വേയുടെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. സര്‍വേ നിയമപ്രകാരമാണോ എന്നതാണ് ആശങ്ക. ഡിപിആറിന് മുമ്പ് ശരിയായ സര്‍വേ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമില്ലായിരുന്നു.

ജനങ്ങള്‍ എത്ര സര്‍വേകള്‍ ഇങ്ങനെ സഹിക്കണമെന്നും കോടതി ചോദിച്ചു. നടപടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും കോടതിയെ ഇരുട്ടില്‍ നിര്‍ത്തുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. നിയമപരമല്ലാത്ത സര്‍വ്വേ നിര്‍ത്തി വയ്ക്കാനാണ് കോടതി നിര്‍ദേശം നല്‍കിയതെന്നും ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹിക ആഘാത പഠനം നടത്താനാണ് സര്‍വ്വേ എന്ന് എവിടെ ആണ് നോട്ടിഫിക്കേഷനില്‍ പറയുന്നതെന്ന് ചോദിച്ച കോടതി സര്‍ക്കാരിന് സര്‍വ്വേ നടത്താന്‍ അധികാരം ഉണ്ടെന്നും, അധികാരം ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ എന്നും ചോദിച്ചു.

Top