സില്‍വര്‍ ലൈന്‍ പദ്ധതി; കണ്‍സള്‍ട്ടന്‍സി തട്ടിപ്പെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി കണ്‍സല്‍ട്ടന്‍സി പണം തട്ടാനുള്ള തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര അനമുതിയോ പാരിസ്ഥിതിക പഠനമോ റെയില്‍വെ ബോര്‍ഡിന്റെയോ നീതി ആയോഗിന്റെയോ അനുമതിയോ ഇല്ലാതെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാനൊരുങ്ങുന്നത്.

അനുമതി ഇല്ലാത്ത പദ്ധതിക്ക് ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകുന്നതില്‍ റവനു വകുപ്പും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം- കാസര്‍കോട് സില്‍വര്‍ ലൈന്‍ റെയില്‍ പാതക്ക് ആകെ ചെലവ് 64941 കോടി രൂപയാണ്. മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഉപേക്ഷിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ട പദ്ധതിയുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പദ്ധതിക്ക് 13000 കോടി കേന്ദ്രമാണ് നല്‍കേണ്ടത്.

കേന്ദ്രം വേണ്ടെന്ന് പറഞ്ഞ പദ്ധതിയുമായി പകുതിയില്‍ കൂടുതല്‍ തുക മുടക്കേണ്ടത് കേന്ദ്രമാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാരിന് എങ്ങനെ മുന്നോട്ട് പോകാനാകുമെന്നും ചെന്നിത്തല ചോദിച്ചു. പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുമ്പോള്‍ 20000 കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടും. 145 ഹെക്ടര്‍ കൃഷി ഭൂമി ഇല്ലാതാകും. 50000 കച്ചവട സ്ഥാപനങ്ങള്‍ ഇല്ലാതാകും.

അടിയന്തരമായി പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. വിദേശത്ത് വിലക്കുള്ള സിസ്ട്ര എന്ന കമ്പനിയെ കണ്‍സള്‍ട്ടന്റ് ആക്കിയത് കമ്മീഷന്‍ തട്ടാനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Top