ഏഷ്യന്‍ ഗെയിംസ് ടെന്നിസ് ഡബിള്‍സില്‍ ഇന്ത്യയ്ക്ക് വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍വേട്ട തുടരുന്നു. പുരുഷന്മാരുടെ ടെന്നിസ് ഡബിള്‍സില്‍ ഇന്ത്യന്‍ സംഘം വെള്ളി മെഡല്‍ സ്വന്തമാക്കി. രാംകുമാര്‍ രാമനാഥന്‍-സാകേത് മൈനേനി സഖ്യമാണ് ഇന്ത്യയ്ക്ക് വേണ്ടി വെള്ളി നേടിയത്. സ്വര്‍ണ മെഡല്‍ പോരാട്ടത്തിനായി ഇറങ്ങിയ ഇന്ത്യന്‍ സഖ്യം ചൈനീസ് തായ്‌പെയുടെ എച്ച്‌സു യു സിയു- ജേസണ്‍ ജംഗ് സഖ്യത്തോടെ തോല്‍ക്കുകയായിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ തോല്‍വി. സ്‌കോര്‍ 6-4, 6-4.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ മെഡല്‍ നേട്ടം 31ല്‍ എത്തി. എട്ട് സ്വര്‍ണവും 11 വെള്ളിയും 12 വെങ്കലവും ഉള്‍പ്പടെയാണ് ഇന്ത്യയുടെ മുന്നേറ്റം. പോയിന്റ് പട്ടികയില്‍ ഇന്ത്യന്‍ സ്ഥാനം നാലാമതാണ്. ഏഷ്യന്‍ ഗെയിംസിന്റെ ആറാം ദിനം ഇന്ത്യ ഇതുവരെ അഞ്ച് മെഡലുകള്‍ നേടിയിട്ടുണ്ട്.

രാംകുമാര്‍ രാമനാഥന്‍ ആദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്നത്. എന്നാല്‍ മൈനേനിയുടെ മൂന്നാം മെഡലാണിത്. മുമ്പ് മൈനേനി, സനം സിങ്ങിനൊപ്പം വെള്ളിയും സാനിയ മിര്‍സയ്‌ക്കൊപ്പം സ്വര്‍ണമെഡലും സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസ് ടെന്നിസില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടവുമാണിത്.

Top