ഏഷ്യന്‍ ഗെയിംസ് 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ ഇന്ത്യയ്ക്ക് വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും വെള്ളിത്തിളക്കം. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിലാണ് ഇന്ത്യന്‍ സംഘം വെള്ളിമെഡല്‍ സ്വന്തമാക്കിയത്. സിഫ്റ്റ് കൗര്‍ സമ്ര, ആഷി ചൗക്സി, മണിനി കൗശിക് എന്നിവരുടെ സംഘമാണ് ഇന്ത്യയ്ക്ക് ഏഷ്യന്‍ ഗെയിംസ് നാലാം ദിനത്തില്‍ ആദ്യ മെഡല്‍ നേടിത്തന്നത്. 1764 പോയിന്റോടെയാണ് ഇന്ത്യന്‍ സംഘത്തിന് വെള്ളി മെഡല്‍ ലഭിച്ചത്.

വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍സില്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യന്‍ താരം സിഫ്റ്റ് കൗര്‍ സമ്ര 594 പോയിന്റ് നേടി ദേശീയ റെക്കോര്‍ഡോടെ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ആഷി ചൗക്സി 590 പോയിന്റോടെ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇരുവരും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. 580 പോയിന്റ് നേടിയ മണിനി കൗശിക് 580 പോയിന്റാണ് നേടിയത്.

ഈ ഇനത്തില്‍ സ്വര്‍ണം ലഭിച്ചത് ചൈനയ്ക്കാണ്. ഇന്ത്യയേക്കാള്‍ ഒമ്പത് പോയിന്റ് മാത്രമാണ് ചൈനീസ് ടീമിന് കൂടുതല്‍ ലഭിച്ചത്. 1773 പോയിന്റ് ചൈന നേടി. റിപ്പബ്ലിക്ക് ഓഫ് കൊറിയ ഈ ഇനത്തില്‍ വെങ്കല മെഡലും സ്വന്തമാക്കി. ആകെ 16 മെഡലുള്ള ഇന്ത്യ മെഡല്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.

Top