ഏഷ്യന്‍ ഗെയിംസ്; 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്‌സഡ് ഇനത്തില്‍ ഇന്ത്യയ്ക്ക് വെള്ളി

ഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിവസവും മെഡല്‍ നേട്ടവുമായി ഇന്ത്യ. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്‌സഡ് ടീം ഇനത്തിലാണ് ഇന്ത്യയ്ക്ക് വെള്ളി.സരബ്ജോത് സിങ്, ദിവ്യ ടിഎസ് എന്നിവര്‍ക്കാണ് വെളളി. ചൈനയുമായി ആയിരുന്നു ഫൈനല്‍ മത്സരം. ചൈനയുടെ ബോവന്‍ ഷാങ്-റാന്‍ക്‌സിന്‍ ജിയാങ് എന്നിവരോടാണ് പരാജയപ്പെട്ടത്. 16-14 എന്ന സ്‌കോറിനാണ് മത്സരം അവസാനിച്ചത്.

ഈ ഏഷ്യന്‍ ഗെയിംസിലെ സരബ്ജോതിന്റെയും ദിവ്യയുടെയും രണ്ടാമത്തെ മെഡലാണിത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ സരബ്ജോത് സ്വര്‍ണം നേടിയപ്പോള്‍ ഇതേ ഇനത്തിലെ വനിതാ വിഭാഗത്തില്‍ ദിവ്യ വെള്ളി നേടിയിരുന്നു.

ആദ്യ ഘട്ടത്തില്‍ 4-0ന്റെ ലീഡ് ഇന്ത്യ നേടിയിരുന്നു. എന്നാല്‍, ജിയാങ്ങിന്റെ കൃത്യതയാര്‍ന്ന ഷോട്ടുകള്‍ ചൈനീസ് സഖ്യത്തിനെ ഒപ്പമെത്തിച്ചു. ഒന്‍പതാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ വീണ്ടും ലീഡിലേക്ക് തിരിച്ചെത്തി (11-7). പക്ഷെ അടുത്ത രണ്ട് റൗണ്ടുകളില്‍ ചൈനീസ് സഖ്യം ആധിപത്യം നേടി ഒപ്പമെത്തി. 14 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചതിന് ശേഷമായിരുന്നു ഇന്ത്യയ്ക്ക് വെള്ളിയിലൊതുങ്ങേണ്ടി വന്നത്.

Top