5000 മീറ്ററില്‍ അവിനാഷ് സാബ്ലെയ്ക്ക് വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷന്മാരുടെ 5000 മീറ്റര്‍ ഓട്ടമത്സരത്തില്‍ അവിനാഷ് സാബ്ലെയ്ക്ക് വെള്ളി. 13 മിനിറ്റും 21 സെക്കന്റും 09 മില്ലി സെക്കന്റുമെടുത്താണ് ഇന്ത്യന്‍ താരം ഫിനിഷ് പോയിന്റില്‍ എത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ താരത്തിന്റെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ദിവസം സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു.

ഏഷ്യന്‍ ഗെയിംസ് 11 ദിവസം പിന്നിടുമ്പോള്‍ ഇന്ത്യന്‍ മെഡല്‍ നേട്ടം 81ലേക്ക് എത്തി. 18 സ്വര്‍ണം ഉള്‍പ്പടെയാണ് ഇന്ത്യന്‍ താരങ്ങളുടെ നേട്ടം. 31 വെള്ളിയും 32 വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ ഇതുവരെ നേടി. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മെഡല്‍ നേട്ടമാണിത്. മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.

പുരുഷന്മാരുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ ഗുല്‍വീര്‍ സിംഗ് നാലാം സ്ഥാനത്ത് എത്തി. 13 മിനിറ്റും 29 സെക്കന്റും 93 മില്ലി സെക്കന്റും ഫിനിഷിങ് പോയിന്റില്‍ എത്താന്‍ ഗുല്‍വീറിന് വേണ്ടി വന്നു. ഈ ഇനത്തില്‍ ബഹ്‌റൈന്‍ താരങ്ങള്‍ സ്വര്‍ണവും വെങ്കലവും നേടി.

Top