സില്‍ക്യാര രക്ഷാദൗത്യം; തുരങ്കത്തില്‍ നിന്ന് ആളുകളെ രക്ഷിച്ച് കൊണ്ട് വരുന്നതിന്റെ ട്രയല്‍ റണ്‍ നടന്നു

ഉത്തരകാശി: സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം പതിമൂന്നാം ദിവസത്തിലേക്ക്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ നടന്നു. സ്റ്റേക്ച്ചര്‍ ഉപയോഗിച്ച് തുരങ്കത്തില്‍ നിന്ന് ആളുകളെ രക്ഷിച്ച് കൊണ്ട് വരുന്നതിന്റെ ട്രയലാണ് നടന്നത്. നേരത്തെ നിര്‍ത്തി വെച്ചിരുന്ന ഡ്രല്ലിംഗ് ഉടന്‍ പുനരാരംഭിക്കുമെന്നാണ് ദൗത്യ സംഘം അറിയിക്കുന്നത്.

ഇന്ന് തന്നെ ദൗത്യം പൂര്‍ത്തിയാക്കാമെന്ന് പ്രതീക്ഷ. 41 തൊഴിലാളികളാണ് ടണലില്‍ കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് ഇത് പതിമൂന്നാം ദിവസമാണ്. നാലരകിലോമീറ്റര്‍ ദൂരമുള്ള തുരങ്കത്തിന്റെ 57 മീറ്റര്‍ ഭാഗമാണ് തകര്‍ന്നുവീണത്. ഇതുവരെ 46.8 മീറ്റര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി തുരന്നുകയറിയിട്ടുണ്ട്. തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം വിജയത്തോട് അടുക്കുമെന്ന് തോന്നിച്ച ശേഷമാണ് വീണ്ടും പ്രതിസന്ധിയിലായത്.

അതേസമയം, 13 ദിവസമായി തുരങ്കത്തില്‍ അകപ്പെട്ടുകിടക്കുന്ന തൊഴിലാളികള്‍ക്ക് നേരംപോക്കിനായി വിനോദ ഉപാധികള്‍ ലഭ്യമാക്കാന്‍ പദ്ധതിയിടുന്നതായി അധികൃതര്‍ അറിയിച്ചു. ഉള്ളില്‍ കുടുങ്ങിയവരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനാണ് ഇത്തരമൊരു നീക്കമെന്ന് ദൗത്യമുഖത്തുള്ള സൈക്യാട്രിസ്റ്റ് ഡോ. രോഹിത് ഗോണ്ട്വാള്‍ അറിയിച്ചു.

Top