സില്‍ക്യാര രക്ഷാ ദൗത്യം; തൊഴിലാളികളെ രക്ഷപെടുത്താനുള്ള ശ്രമം ഇന്നും തുടരും

ഉത്തരകാശി: ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയവര്‍ക്കായുളള രക്ഷാ ദൗത്യം വൈകുന്നു. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്താനുള്ള ശ്രമം ഇന്നും തുടരും. വെള്ളിയാഴ്ച വൈകുന്നേരം പുനരാരംഭിച്ച രക്ഷാപ്രവര്‍ത്തനങ്ങള്‍, ആഗര്‍ ഡ്രില്ലിംഗ് മെഷീന്‍ ഒരു മെറ്റല്‍ ഗര്‍ഡറില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള സുരക്ഷാ കുഴല്‍ തൊഴിലാളികളുടെ സമീപത്തെത്താന്‍ ഇനി അവശേഷിക്കുന്നത് മീറ്ററുകള്‍ മാത്രമാണ്. ഡ്രില്ലിങ്ങിലെ തടസ്സങ്ങള്‍ കണക്കിലെടുത്ത്, രക്ഷാപ്രവര്‍ത്തകര്‍ കൈകള്‍ കൊണ്ട് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും ശ്രമിക്കുന്നുണ്ട്. വ്യാഴാഴ്ച സാങ്കേതിക തകരാര്‍ നേരിട്ടതിനെത്തുടര്‍ന്ന് 24 മണിക്കൂറിലധികം മെഷീന്‍ നേരത്തെ പ്രവര്‍ത്തനരഹിതമായിരുന്നു.

41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് 14 ദിവസമായി. തുരങ്കത്തിനുള്ളില്‍ കഴിയുന്ന തൊഴിലാളികള്‍ സുരക്ഷിതരാണെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. സുരക്ഷാ കുഴല്‍ സ്ഥാപിക്കുന്ന പ്രക്രിയ പൂര്‍ത്തിയായി കഴിഞ്ഞാല്‍ സുരക്ഷാ കുഴലിലൂടെ സ്ട്രെച്ചറില്‍ ഓരോരുത്തരെയായി പുറത്തെത്തിക്കും. ഇതിന്റെ ട്രയലും ദുരന്ത നിവാരണ സേനാംഗങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തൊഴിലാളികളെ ആശുപത്രിലേക്ക് മാറ്റുന്നതിനായി 41 ആംബുലന്‍സുകളും ക്രമീകരിച്ചിട്ടുണ്ട്. എയര്‍ ലിഫ്റ്റിംഗ് ആവശ്യമായി വന്നാല്‍ അതിനായി ഹെലികോപ്റ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്.

Top