സില്‍കാര ടണല്‍ രക്ഷാദൗത്യം; ഓഗര്‍ മെഷീന്‍ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു; 50 മീറ്ററോളം ദൂരമാണ് തുരക്കാനായത്

ഉത്തരാഖണ്ഡ്: സില്‍കാര ടണല്‍ രക്ഷാദൗത്യത്തില്‍ വീണ്ടും പ്രതിസന്ധി. കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയില്‍ നിരവധി ഇരുമ്പ് കമ്പികളും സ്റ്റീല്‍ പാളികളും കണ്ടതിനെ തുടര്‍ന്ന് ഓഗര്‍ മെഷീന്‍ പ്രവര്‍ത്തനം നിര്‍ത്തി വെക്കുകയായിരുന്നു. മെഷീന്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കപ്പെട്ടതോടെ രക്ഷാ ദൗത്യം ഇനിയും വൈകുമെന്നാണ് റിപ്പോര്‍ട്ട്.

ഇതുവരെ 50 മീറ്ററോളം ദൂരമാണ് തുരക്കാനായത്. പൈപ്പിലൂടെ ആളുകളെ കയറ്റി കമ്പികളും സ്റ്റീല്‍ പാളിയും മുറിച്ച് നീക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കമ്പിയും സ്റ്റീലും മുറിച്ച് നീക്കിയ ശേഷം മാത്രമേ തുരക്കല്‍ തുടങ്ങൂ. രക്ഷാദൗത്യം പൂര്‍ത്തിയായാല്‍ തൊഴിലാളികളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരെ ഋഷികേശിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യും.

മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരകാശിയില്‍ ക്യാമ്പ് ചെയ്യുകയാണ്. 41 തൊഴിലാളികള്‍ ടണലില്‍ കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് ഇത് പതിമൂന്നാം ദിവസമാണ്. ബുധനാഴ്ച രാത്രി ദൗത്യം വിജയത്തിനരികെ എത്താറായപ്പോള്‍ സ്റ്റീല്‍ റോഡില്‍ ഡ്രില്ലര്‍ ഇടിച്ചുനിന്നതിനെ തുടര്‍ന്ന് ഓഗര്‍ മെഷീന്റെ ബ്ലേഡ് തകരാറിലായിരുന്നു. ഇതേതുടര്‍ന്ന് ദൗത്യം വീണ്ടും മണിക്കൂറുകള്‍ വൈകുകയായിരുന്നു. തടസ്സമുള്ള ഇരുമ്പുഭാഗം എന്‍ഡിആര്‍എഫ് മുറിച്ചു നീക്കിയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ ഓ?ഗര്‍ മെഷീന്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതോടെ ദൗത്യം ഇനിയും വൈകും.

Top