സില്‍കാര ടണല്‍ രക്ഷാദൗത്യം; നീണ്ട 17 ദിവസങ്ങള്‍ക്കൊടുവില്‍ 41 തൊഴിലാളികളും പുറത്തെത്തി

ഉത്തരാഖണ്ഡ്: സില്‍കാര ടണല്‍ രക്ഷാദൗത്യം പൂര്‍ണ്ണവിജയം. ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. 17 ദിവസങ്ങള്‍ക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. പുറത്തെത്തിച്ച എല്ലാവര്‍ക്കും പ്രാഥമിക വൈദ്യ പരിശോധന നല്‍കി. തൊഴിലാളികളുമായി അഞ്ച് ആംബുലന്‍സുകള്‍ ആശുപത്രിയിലേക്ക് പോയി. നിര്‍മ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കരസേന ഉള്‍പ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു.

ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയ പാതയിലായിരുന്നു സംഭവം. ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡീഷ, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് കുടുങ്ങിയവരിലേറെയും. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് രക്ഷാദൌത്യം നടത്തിയത്. തുരങ്കത്തിന്റെ പ്രവേശന കവാടത്തിലുണ്ടായ മണ്ണിടിച്ചിലില്‍ തുരങ്കത്തിലെ സ്‌ളാബുകള്‍ തകര്‍ന്നു വീഴുകയായിരുന്നു.

തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് താത്കാലികമായി ഓക്‌സിജന്‍ പൈപ്പുകള്‍ സ്ഥാപിക്കുക എന്നതാണ് ആദ്യം ചെയ്തത്. സ്‌ളാബ് മുറിച്ചു മാറ്റി മുഴുവന്‍ തൊഴിലാളികളെയും പുറത്തെത്തിക്കുന്നതിനുള്ള തീവ്ര ശ്രമമാണ് നടന്നത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം അതിസങ്കീര്‍ണ്ണമായിരുന്നു.

Top