സിക്കിം ലോട്ടറി; നികുതി തിരികെ നല്‍കണമെന്ന ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ

ന്യൂഡല്‍ഹി: സിക്കിം ലോട്ടറി വില്‍പ്പനയ്ക്കായി ഈടാക്കിയ നികുതി തിരികെ നല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. സിക്കിം ലോട്ടറിക്ക് പേപ്പര്‍ ലോട്ടറി നിയമപ്രകാരം നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഭരണഘടന വിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവിനെതിരേ കേരളം നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വിശദമായി വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു.

മൂല്യവര്‍ധിത നികുതി നിലവില്‍ വരികയും ലോട്ടറി നറുക്കെടുപ്പിന് ലൈസന്‍സ് ഫീ ജനറല്‍ ആക്ട് പ്രകാരം നികുതി ഇല്ലാതാകുകയും ചെയ്തതോടെ 2005 ലാണ് സിക്കിം ലോട്ടറിക്ക് പുതിയ നികുതി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് 2007ല്‍ ശരിവച്ചിരുന്നു.

ഇതിനെതിരെ സിക്കിം സര്‍ക്കാരും പാലക്കാട്ടെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് പ്രൊപ്രൈറ്റര്‍ ജോണ്‍ കെന്നഡിയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. നികുതി നിര്‍ണയത്തില്‍ അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഒരു സംസ്ഥാനത്തിന്റെ സംരംഭത്തിനു മേല്‍ മറ്റൊരു സംസ്ഥാനത്തിനു നികുതി ഏര്‍പ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

 

Top