സിക്ക വൈറസ്: ആറംഗ കേന്ദ്ര വിദഗ്ധസംഘം കേരളത്തിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ സംഘം ഇന്ന് പരിശോധന നടത്തും. തിരുവനന്തപുരത്ത് 15 പേര്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം ആറംഗ വിദഗ്ധ സംഘത്തെ അയച്ചത്. രോഗം സ്ഥിരീകരിച്ച നഗരസഭാ പരിധിയിലെ പ്രദേശങ്ങളിലും പാറശാലയിലും സംഘം സന്ദര്‍ശിക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.

നേരത്തെ രോഗം സ്ഥിരീകരിച്ച യുവതി താമസിച്ചിരുന്ന നന്തന്‍കോട് നിന്നും സ്വദേശമായ പാറശാലയില്‍ നിന്നുമുള്‍പ്പെടെ ശേഖരിച്ച 17 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്. കൂടുതല്‍ പേര്‍ക്ക് രോഗമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. അതിനാല്‍ പരമാവധി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്താനാണ് തീരുമാനം.

സിക്കയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടവും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. വാര്‍ഡ്തല സമിതിയുടെ നേതൃത്വത്തില്‍ കൊതുക് നശീകരണത്തിനുള്ള നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. പനി ക്ലിനിക്കുകള്‍ ശക്തമാക്കാനും തീരുമാനിച്ചു.

പൊതുജനാരോഗ്യ വിദഗ്ധര്‍, വെക്ടര്‍ ബോണ്‍ ഡിസീസ് വിദഗ്ധര്‍, എയിംസില്‍നിന്നുള്ള ക്ലിനിക്കല്‍ വിദഗ്ധര്‍ അടങ്ങുന്നതാണ് ആറംഗ സംഘം. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുകയും ചെയ്യുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. സിക്ക കേസുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Top