ഒപ്പു വിവാദം; മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഒപ്പു വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി തൃപ്തികരമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സത്യം പുറത്തു വരാന്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് കേസിലെ കണ്ണികള്‍ കേരളത്തില്‍ ഉണ്ടെന്നറിഞ്ഞിട്ടും കേരള പൊലീസ് അന്വേഷണം നടത്തുന്നില്ല. സര്‍ക്കാരിന് എന്തോ മറച്ചുവെയ്ക്കാനുണ്ടെന്നാണ് ഇത് നല്‍കുന്ന സൂചന. ബിനീഷ് കോടിയേരിക്കും അനൂപ് മുഹമ്മദിനും വര്‍ഷങ്ങളുടെ സാമ്പത്തിക ഇടപാടുണ്ടെന്ന് തെളിഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി അതൊന്നും ഇവിടെ അന്വേഷിക്കേണ്ടതില്ലെന്ന നിലപാടിലാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

മയക്കുമരുന്ന് കേസില്‍ കേരളത്തില്‍ കേസ് ഉടന്‍ രജിസ്റ്റര്‍ ചെയ്യണം. പൊലീസും നര്‍ക്കോട്ടിക്ക് വിഭാഗവും അന്വേഷണം നടത്തണം. മയക്കുമരുന്ന് കേസില്‍ സ്വന്തം പാര്‍ട്ടിക്കാരെയും സില്‍ബന്തികളെയും രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

കതിരൂരിലെ ബോംബ് നിര്‍മ്മാണം സിപിഎം ഉന്നത നേതാക്കളുടെ അറിവോടെയാണ് നടന്നത്. വലിയൊരു ആക്രമണം നടത്താനുള്ള കോപ്പുകൂട്ടലായിരുന്നു ബോംബ് നിര്‍മ്മാണം. പ്രദേശത്തിനടുത്ത് ഒരു അസ്വാഭാവിക മരണം നടന്നിട്ടുണ്ട്. അത് ആത്മഹത്യയല്ല എന്നാണ് കിട്ടുന്ന വിവരം. പെട്ടെന്ന് അയാളുടെ സംസ്‌കാരം നടത്തിയതില്‍ ദുരൂഹതയുണ്ട്.

ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ ബിജെപി തയ്യാറാണ്. രണ്ട് മണ്ഡലത്തിലും വിജയ പ്രതീക്ഷയുണ്ട്. സെക്രട്ടറിയേറ്റ് തീപിടുത്തത്തില്‍ അന്വേഷണത്തിലൂടെ ഒരു സത്യവും പുറത്തു വരുമെന്ന് കരുതുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Top