ടോക്യോ ഒളിംപിക്‌സിനെതിരെ ഒപ്പുശേഖരണം

ടോക്യോ: മാറ്റിവച്ച ടോക്യോ ഒളിംപിക്‌സിലേക്കു രണ്ടര മാസം മാത്രം ബാക്കി നില്‍ക്കെ ജപ്പാനില്‍ വീണ്ടും പ്രതിഷേധം ഉയരുന്നു. ഒളിംപിക്‌സ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം തുടങ്ങിയ ഓണ്‍ലൈന്‍ ക്യാംപെയ്നില്‍ ആയിരക്കണക്കിനു പേര്‍ പങ്കുചേരുന്നതായാണു റിപ്പോര്‍ട്ട്. ജൂലൈ 23നാണ് ഒളിംപിക്‌സ് തുടങ്ങുന്നത്.

കൊവിഡ് വ്യാപനം ഗുരുതരമായതിനാല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു കോടികള്‍ മുടക്കിയുള്ള കായിക ധൂര്‍ത്ത് വേണ്ടെന്ന വാദവുമായാണ് ഓണ്‍ലൈനില്‍ നിവേദനം തയാറാകുന്നത്. ആയിരക്കണക്കിനു പേരാണു ദിവസവും ഒപ്പിട്ട് ഈ ക്യാംപെയ്‌ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്. ടോക്യോ, ഒസാക തുടങ്ങിയ ഒട്ടേറെ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥയാണ് ഇപ്പോള്‍.

11 വരെയാണ് അടിയന്തരാവസ്ഥയെങ്കിലും നീട്ടാന്‍ സാധ്യതയുണ്ടെന്നാണു വിദഗ്ധര്‍ പറയുന്നത്. ഈ മാസം പകുതിക്കുശേഷം ജപ്പാനിലെത്തുന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കിനു നിവേദനം സമര്‍പ്പിക്കാനാണു പ്രതിഷേധക്കാര്‍ ഉദ്ദേശിക്കുന്നത്.

17നു ശേഷം ബാക് ടോക്കിയോയിലെത്തുമ്പോള്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കാനും ഉദ്ദേശ്യമുണ്ട്.
കഴിഞ്ഞ വര്‍ഷാവസാനം നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 70-80% പേരും ഒളിംപിക്‌സ് റദ്ദാക്കുകയോ ഒരിക്കല്‍ക്കൂടി മാറ്റിവയ്ക്കുകയോ ചെയ്യണമെന്ന അഭിപ്രായമാണു പങ്കുവച്ചത്.

ഒളിംപിക്‌സ് ദീപശിഖാ പ്രയാണം ജപ്പാനില്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ സ്ഥലങ്ങളിലായി ദീപശിഖ പ്രയാണത്തില്‍ പങ്കെടുത്ത 8 പേര്‍ കൊവിഡ് പോസിറ്റീവായിട്ടുണ്ട്. കൊവിഡ് രൂക്ഷമായ മേഖലകള്‍ ഒഴിവാക്കിയാണു ദീപശിഖാ പ്രയാണം തുടരുന്നത്. എന്നാല്‍, സുരക്ഷിതമായി ഒളിംപിക്‌സ് സംഘടിപ്പിക്കുമെന്നാണു സര്‍ക്കാരിന്റെയും സംഘാടക സമിതിയുടെയും ഉറപ്പ്.

 

Top