ആപ്പിള്‍ ഐഒഎസ്, ഐപാഡ് ഒഎസ് ഉപകരണങ്ങളില്‍ സുരക്ഷാമുന്നറിയിപ്പുമായി സേര്‍ട്ട്- ഇന്‍

ഡല്‍ഹി: ആപ്പിള്‍ ഐഒഎസ്, ഐപാഡ് ഒഎസ് ഉപകരണങ്ങളില്‍ സുരക്ഷാമുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. മാര്‍ച്ച് 15 ന് പുറത്തിറക്കിയ മുന്നറിയിപ്പ് സേര്‍ട്ട് ഇന്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ആപ്പിള്‍ ഐഒഎസിലും, ഐപാഡ് ഒഎസിലും നിരവധി പ്രശ്നങ്ങള്‍ കണ്ടെത്തിയുട്ടുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഇതുവഴി ഒരു ഹാക്കര്‍ക്ക് ഉപകരണത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താനും കോഡുകള്‍ പ്രവര്‍ത്തിപ്പിക്കാനും സ്വകാര്യ വിവരങ്ങള്‍ എടുക്കാനും, സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനും സാധിക്കും.

ഐഒഎസിന്റേയും, ഐപാഡ് ഒഎസിന്റെയും 16.7.6 വേര്‍ഷന് മുമ്പുള്ള പതിപ്പുകളിലാണ് പ്രശ്നമുള്ളത്. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ് ടെന്‍, ഐപഡ് അഞ്ചാം തലമുറ, ഐപാഡ് പ്രോ 9.7 ഇഞ്ച്, ഐപാഡ് പ്രോ 12.9 ഇഞ്ച് തുടങ്ങിയ ഉപകരണങ്ങളെ പ്രശ്നം ബാധിക്കും. ഐഫോണ്‍ ടെന്‍എസിലും അതിന് ശേഷം വന്ന പുതിയ മോഡലുകളിലും ഐഒഎസ് 17.4 ന് മുമ്പുള്ള പതിപ്പുകളെ പ്രശ്നം ബാധിക്കും. ഐപാഡ് പ്രോ 12.9 ഇഞ്ച് രണ്ടാം തലമുറയിലും അതിന് ശേഷം വന്ന പുതിയ മോഡലുകളിലും പ്രശ്നമുണ്ട്. ഐപാഡ് എയര്‍ മൂന്നാം തലമുറയിലും പുതിയ പതിപ്പുകളിലും ഐപാഡ് ആറാം തലമുറയിലും പുതിയ മോഡലുകളിലും ഐപാഡ് മൂന്നാം തലമുറ, ഐപാഡ് ആറാം തലമുറയിലും പുതിയ മോഡലുകളിലും ഐപാഡ് മിനി അഞ്ചാം തലമുറ പുതിയ മോഡലുകളിലും പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ബ്ലൂടൂത്ത്, ലിബ്എക്സ് പിസി, മീഡിയാ റിമോട്ട്, ഫോട്ടോസ്, സഫാരി ആന്റ് വെബ്കിറ്റ് ഭാഗങ്ങള്‍ എന്നിവയില്‍ ശരിയായ വാലിഡേഷന്‍ നടക്കാത്തതാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സേര്‍ട്ട്ഇന്‍ പറയുന്നു. എക്സ്റ്റെന്‍ഷന്‍ കിറ്റ്, മെസേജസ്, ഷെയര്‍ഷീറ്റ്, സിനാപ്സ് ആന്റ് നോട്ട്സ് എന്നിവയിലും പ്രശ്നങ്ങളുണ്ട്. ഇങ്ങനെ വിവിധങ്ങളായ മറ്റ് പല പ്രശ്നങ്ങളും സെര്‍ട്ട്ഇന്‍ ചൂണ്ടിക്കാട്ടി. ഈ പ്രശ്നങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് ഫോണിന്റെ സുരക്ഷയെ ബാധിക്കും. സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. സുരക്ഷാ പാച്ച് അപ്ഡേറ്റുകളും ഇന്‍സ്റ്റാള്‍ ചെയ്യുക. സുരക്ഷിതമായ കണക്ഷനുകള്‍ മാത്രം ഉപയോഗിക്കുക. പൊതുവിടങ്ങളിലെ വൈഫൈ കണക്ഷന്‍ ഉപയോഗിക്കാതിരിക്കുക. ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യുക. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ വിശ്വാസയോഗ്യമായ ആപ്പ് സ്റ്റോറുകള്‍ മാത്രം ഉപയോഗിക്കുക. ഡേറ്റ സ്ഥിരമായി ബാക്ക്അപ്പ് ചെയ്യുക. സേര്‍ട്ട് ഇന്‍ പോലുള്ള സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പുകള്‍ നിരന്തരം പിന്തുടരുക.

Top