Siga las siguientes recomendaciones para evitar el virus

റിയോ ഡി ജനീറോ: ബ്രസീലും യുഎസും കടന്ന് സിക വൈറസ് യൂറോപ്പിലേക്ക്. നവജാതശിശുക്കളില്‍ തലച്ചോറിനു ഗുരുതര രോഗങ്ങളുണ്ടാക്കുന്ന വൈറസ് യൂറോപ്പിലും സ്ഥിരീകരിച്ചു. മെക്‌സിക്കോയും ബ്രസീലും സന്ദര്‍ശിച്ചു മടങ്ങിയെത്തിയ ഡെന്‍മാര്‍ക്കുകാരനായ യുവാവാണു യൂറോപ്പിലെ ആദ്യത്തെ സിക രോഗി.

പിന്നാലെ, നെതര്‍ലന്‍ഡ്‌സില്‍ പത്തു പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ബ്രിട്ടനിലും മൂന്നു പേര്‍ക്കു വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡെന്‍മാര്‍ക്കില്‍ രോഗം സ്ഥിരീകരിച്ച യുവാവിന്റെ നില ആശങ്കാജനകമല്ലെന്ന് ആര്‍ഹുസിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. പനിയും തലവേദനയും ശരീരവേദനയുമായാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.

യുഎസിലെ പ്യൂട്ടോ റിക്കോയില്‍ 19 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ഗര്‍ഭിണികളില്ല. ഗര്‍ഭിണികളില്‍ സിക വൈറസ് ബാധയെ തുടര്‍ന്ന് ബ്രസീലില്‍ ഇതുവരെ നാലായിരത്തോളം ശിശുക്കളാണ് തലയോട്ടി ചുരുങ്ങിയ അവസ്ഥയില്‍ ജനിച്ചത്.

ഈ വൈറസ് പരത്തുന്ന ഈഡിസ് കൊതുകില്ലാത്ത ചിലെയും കാനഡയുമൊഴിച്ച്, അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗം വ്യാപകമായി പടര്‍ന്നേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുണ്ട്.

ലാറ്റിനമേരിക്കയിലും കരീബിയനിലുമായുള്ള 22 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനെതിരെ ഗര്‍ഭിണികള്‍ക്ക് യുഎസ് ആരോഗ്യ അധികൃതര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. പ്രതിരോധമരുന്നിനുള്ള അടിയന്തര ഗവേഷണത്തിന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ആഹ്വാനം ചെയ്തിട്ടുമുണ്ട്.

Top