Siga las siguientes recomendaciones para evitar el virus del zika Vanguardia Liberal

ബംഗളുരു: ഇന്ത്യയിലും സിക്ക വൈറസ് ഭീഷണി ഉയര്‍ത്തുന്നു. പശ്ചിമഘട്ട മേഖലയിലും തീരപ്രദേശ മേഖലയിലുമാണ് സീക്ക ഏറ്റവും ശക്തമായി പടരാന്‍ സാദ്ധ്യതയുള്ളതെന്ന് ഡോക്ടര്‍മാരും ആരോഗ്യവിദഗ്ദരും അഭിപ്രായപ്പെടുന്നു.

അതേ സമയം കേന്ദ്രസര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരുകളുടേയോ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് കാര്യമായ മുന്‍കരുതല്‍ നടപടികളൊന്നും ആരംഭിച്ചിട്ടില്ല. ആവശ്യമായ പരിശോധന സംവിധാനം ഇല്ലാത്തതാണ് വലിയ ഭീഷണി ഉയര്‍ത്തുന്നത്.

ഡെങ്കു, ചിക്കുന്‍ഗുനിയ വൈറസുകള്‍ക്ക് ശേഷം സിക്കയും വലിയ ഭീഷണിയായി മാറിയിരിയ്ക്കുകയാണ്. ഏഡസ് ഈജിപ്റ്റി എന്ന കൊതുകാണ് വൈറസ് പരത്തുന്നത്. ബംഗളുരുവിലെ ഡോക്ടര്‍മാര്‍ സിക്ക ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാട്‌സ് ആപ്പ് സന്ദേശങ്ങളിലൂടെയും മറ്റ് ഇത് സംബന്ധിച്ച് ചര്‍ച്ചകളും ബോധവല്‍ക്കരണവും നടത്തുന്നുണ്ട്.

കൊതുക് നിവാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ബംഗളുരുവില്‍ നിന്ന് സിക്ക വൈറസ് ബാധ രൂക്ഷമായ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേയ്ക്ക് ധാരാളം പേര്‍ യാത്ര ചെയ്യുന്നുണ്ട്. വിമാനത്താവളങ്ങളില്‍ യാതൊരു പരിശോധന സംവിധാനവുമില്ല.

എന്നാല്‍ ഒരു തരത്തിലും ഭയത്തിന്റേയും ആശങ്കയുടേയും ആവശ്യമില്ലെന്ന് കര്‍ണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ജി.എം.വാമദേവ അഭിപ്രായപ്പെട്ടു. ഇന്ത്യയിലേയ്ക്ക് ഇതുവരെ വൈറസ് എത്താത്തത് കൊണ്ട് പേടിയ്ക്കാനില്ല. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സംസ്ഥാനത്തിന് അധികാരമില്ല.

കേന്ദ്രസര്‍ക്കാരാണ് അത് ചെയ്യേണ്ടതെന്നും വാമദേവ അഭിപ്രായപ്പെട്ടു. അതേ സമയം സിക്ക വൈറസ് ഇന്ത്യയെ സംബന്ധിച്ച് വലിയ ഭീഷണി തന്നെയാണെന്ന് മണിപ്പാല്‍ ഹോസ്പിറ്റലിലെ ഡോ.സതീഷ് അമര്‍നാഥ് വ്യക്തമാക്കി. വിമാനത്താവളിലടക്കം മതിയായ പരിശോധന സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സതീഷ് അമര്‍നാഥ് പറഞ്ഞു.

ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വന്നവരില്‍ പലര്‍ക്കും പനി അടക്കമുള്ള അസുഖങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. സിക്ക വൈറസ് ഭീഷണിയെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തേയ്ക്ക് ഗര്‍ഭധാരണം പരമാവധി ഒഴിവാക്കാന്‍ ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Top