വേനലിനെ ചെറുത്ത സിയെറ നെവാഡ മഞ്ഞുപാളികള്‍ ഉരുകി അപ്രത്യക്ഷമാകും

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയുടെ പ്രധാന ജല സ്രോതസ്സുകളില്‍ ഒന്നാണ് സിയെറ നെവാഡ മലനിരകളിലെ മഞ്ഞുപാളികള്‍. ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങള്‍ അവഗണിക്കുകയാണെങ്കില്‍ 25 വര്‍ഷത്തിനുള്ളില്‍ സിയെറ നെവാഡയിലെ മഞ്ഞുപാളികളില്‍ ഭൂരിഭാഗവും ഉരുകി തീരുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നാച്വർ എന്ന ജേണലിലാണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുള്ളത്.

ഇത് കാലിഫോര്‍ണിയയുടെ ജലസ്രോതസ്സില്‍ മാത്രമല്ല പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നത്, പതിറ്റാണ്ടുകളായി വരള്‍ച്ചയുടെ പിടിയലമര്‍ന്ന പടിഞ്ഞാറന്‍ അമേരിക്കയ്ക്ക് കൂടി അവ തിരിച്ചടിയായി തീരും.കാലാവസ്ഥാ മാതൃകകളെ അടിസ്ഥാനമാക്കി എപ്പോഴാണ് സിയെറ നെവാഡയിലെ മഞ്ഞുപാളികളില്‍ പ്രകടമായ മാറ്റങ്ങളുണ്ടാവുകയെന്ന് ലോറന്‍സ് ബെര്‍ക്ക്ലി നാഷണല്‍ ലാബോറട്ടറിയിലെ ശാസ്ത്രജ്ഞർ പരിശോധിച്ചു. മനുഷ്യരാശി സൃഷ്ടിച്ച കാലാവസ്ഥാ വ്യതിയാനം മൂലം ലോകമെമ്പാടുമുള്ള നിരവധി മഞ്ഞുപാളികള്‍ ഉരുകലിന്റെ വക്കിലാണെന്ന് കണ്ടെത്തി. പര്‍വതങ്ങളിലെ മഞ്ഞുപാളികളുടെ പകുതിയിലേറെ ഉരുകിതീര്‍ന്നാല്‍ ബാക്കിയുള്ളവ ഹരിതഗൃഹ ബഹിര്‍ഗമനത്തിന്റെ ആധിക്യം മൂലം 2040 മുതലുള്ള അഞ്ചു വര്‍ഷത്തേക്ക് പൂര്‍ണമായി ഉരുകിത്തീരും.

മഞ്ഞുപാളികളുടെ ഉരുകല്‍ പ്രദേശത്തെ ആവാസവ്യവസ്ഥയില്‍ തുടരെത്തുടരെ ചങ്ങലയായുള്ള പ്രതികൂല മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ഇത് പ്രദേശത്തിന്റെ വീണ്ടെടുപ്പ് ദുഷ്‌കരമാക്കുന്നു. കാലിഫോര്‍ണിയയിലെ ശുദ്ധജലത്തിന്റെ 30 ശതമാനവും സംഭാവന ചെയ്യുന്നത് സിയെറ നെവാഡയിലെ മഞ്ഞുപാളികളാണ്. മാത്രവുമല്ല സെന്‍ട്രല്‍ വാലി, സംസ്ഥാനത്തിന്റെ വടക്കന്‍ പ്രദേശം എന്നിവയ്ക്കുള്ള പ്രകൃതിദത്ത ജലസംഭരണി കൂടിയാണിവിടം.

കടുത്ത വേനലില്‍ പോലും ഉരുകാത്തത്രയും മഞ്ഞാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പ്രദേശത്ത് ഉരുകിത്തീരുന്നത്. ശരാശരിയേക്കാള്‍ താഴ്ന്ന നിലവാരത്തിലാണ് സിയെറ നെവാഡയിലെ അടുത്തിടെയായുള്ള മഞ്ഞുവീഴ്ച. അരിസോണ, നെവാഡ, കാലിഫോര്‍ണിയ എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്ക് ജലമെത്തിക്കുന്ന മീഡ് ജലാശയം ചരിത്രത്തിലാദ്യമായി ഇത്തവണ താഴ്ന്ന ജലനിരപ്പിലെത്തി. മീഡിലെ താഴ്ന്ന ജലനിരപ്പ് നിലവിലുള്ള വരള്‍ച്ചയുടെ പരിണിതഫലമാണെന്ന് യു.എസ് ബ്യൂറോ ഓഫ് റിക്ലമേഷന്‍ പറഞ്ഞു. വര്‍ധിച്ചു വരുന്ന ജലക്ഷാമം പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് ഉദ്യോഗസ്ഥര്‍.

Top