പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യന്‍ സിദ്ദുവായിരുന്നുവെന്ന് ഭാര്യ

ന്യൂഡല്‍ഹി: പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യന്‍ പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവായിരുന്നുവെന്ന് സിദ്ദുവിന്റെ ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് കൗര്‍ സിദ്ദു.

ഇത്തരം പദവികളിലേക്ക് ഒരാളെ തെരഞ്ഞെടുക്കുന്നതിന് വിദ്യാഭ്യാസം കണക്കാക്കണം. നവജ്യോത് സിദ്ദു തന്നെയായിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകേണ്ടിയിരുന്നതെന്നും നവജ്യോത് കൗര്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയവെ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നിയുടെ പേര് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ജനങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും മനസ്സിലാക്കുന്ന ഒരാളെ സംസ്ഥാനത്തിന് ആവശ്യമാണെന്നും അത്തരത്തിലൊരു വ്യക്തിയെയാണ് തങ്ങളെ നയിക്കുന്നതിന് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഛന്നിയാണോ, സിദ്ദുവാണോ വരുകയെന്ന ചര്‍ച്ചകള്‍ വ്യാപകമായി ഉയരുന്നതിനിടെയായിരുന്നു രാഹുലിന്റെ പ്രഖ്യാപനം.

പ്രഖ്യാപനത്തിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയുടെ ഏത് തീരുമാനവും അംഗീകരിക്കാന്‍ തയ്യാറാണെന്ന് നവ്‌ജ്യോത് സിദ്ദു വ്യക്തമാക്കിയിരുന്നു. തനിക്ക് തീരുമാനമെടുക്കാനുള്ള അധികാരം നല്‍കിയാല്‍ ഞാന്‍ മാഫിയ അവസാനിപ്പിക്കും, ജനജീവിതം മെച്ചപ്പെടുത്തും, അധികാരം നല്‍കിയില്ലെങ്കില്‍, നിങ്ങള്‍ ആരെ മുഖ്യമന്ത്രി ആക്കിയാലും ഞാന്‍ പുഞ്ചിരിയോടെ സ്വീകരിക്കും, രാഹുല്‍ ഗാന്ധിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നുമായിരുന്നു സിദ്ധുവിന്റെ പ്രതികരണം.

Top