രാഹുല്‍ തോറ്റു എന്താ രാജിവെക്കാത്തത്; സിദ്ദുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ പരിഹാസം

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടതോടെ നവജ്യോത് സിങ് സിദ്ദുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ പരിഹാസം. അമേഠിയില്‍ രാഹുല്‍ഗാന്ധി പരാജയപ്പെട്ടാല്‍ രാഷ്ട്രീയം വിടുമെന്ന് സിദ്ദു പ്രഖ്യാപിച്ചിരുന്നു ഇതാണ് ഇപ്പോള്‍ പരിഹാസം ഉയരാന്‍ കാരണമായത്.

സിദ്ധു വാക്കുപാലിക്കണമെന്ന് പറഞ്ഞ് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടത്. ഇതിനായി #SidhuQuitPolitics എന്ന ഹാഷ്ടാഗിലാണ് ട്വീറ്റുകളും ഫെയ്സ്ബുക്ക് പോസ്റ്റുകളും പ്രചരിക്കുന്നത്.

സിദ്ദുവിന് ഓര്‍മ്മ നശിച്ചോ എന്നും പറഞ്ഞ വാക്ക് പാലിക്കണമെന്നുമാണ് വിവിധ ട്വീറ്റുകളിലെ വാക്കുകള്‍. സിദ്ദു വാക്കുപാലിക്കുന്ന പുരുഷനാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു മറ്റു ചിലരുടെ ട്വീറ്റുകള്‍.

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് രാഹുല്‍ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ സിദ്ദു രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേഠിയില്‍ സ്മൃതി ഇറാനിയോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് സിദ്ദുവിന്റെ പ്രഖ്യാപനം സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായത്.

Top