പഞ്ചാബ്: കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയുടെ പിതാവിന് വധഭീഷണി. ഇന്‍സ്റ്റാഗ്രാമിലൂടെ പാകിസ്ഥാനില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ‘അടുത്ത നമ്പര്‍ ബാപ്പുവിന്റേതാണ്’ എന്ന പോസ്റ്റാണ് കണ്ടെത്തിയത്. മൂസേവാലയുടെ സുഹൃത്തുക്കളാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്. ജീവന് ഭീഷണി ഉയര്‍ന്നതിന് പിന്നാലെ മൂസേവാലയുടെ പിതാവ് ബാല്‍കൗര്‍ സിങ് പൊലീസില്‍ വിവരമറിയിച്ചു.
മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിലാണ് ഗായകനും രാഷ്ട്രീയക്കാരനുമായ സിദ്ധു മൂസേവാലയെ ഒരു സംഘം വെടിവച്ചു കൊന്നത്. സിദ്ദു മൂസേവാലയുടെ സുരക്ഷ സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. സിദ്ധുവിനൊപ്പം ജീപ്പിൽ യാത്ര ചെയ്തിരുന്ന ബന്ധുവിനും സുഹൃത്തിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
സിദ്ധു മൂസെവാല കൊലക്കേസിൽ നേരത്തെ അങ്കിത് സിർസ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലൊറൻസ് ബിഷ്‌ണോസ് സംഘത്തിലെ അംഗമാണ് അങ്കിത് സിർസ. പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് ഇയാൾ. കേസിൽ പ്രതികൾക്ക് അഭയം നൽകിയ സച്ചിൻ ഭിവാനിയേയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.