സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയിൽ, അറസ്റ്റിലായത് ഷൂട്ടർ സന്തോഷ് ജാ​ദവ്

ഡൽഹി: പഞ്ചാബി ​ഗായകൻ സിദ്ദു മൂസെവാലയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിൽ ഒരാൾ അറസ്റ്റിൽ. കൊലയാളി സംഘത്തിലുണ്ടായിരുന്ന സന്തോഷ് ജാദവ് എന്ന ഷൂട്ടറാണ് അറസ്റ്റിലായത്. പൂനെയിൽ നിന്നാണ് സന്തോഷ് ജാദവ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ കൂട്ടാളികളും പിടിയിലായിട്ടുണ്ടെന്നാണ് വിവരം.

മെയ് 29നാണ് സിദ്ദു മൂസെവാല കൊല്ലപ്പെട്ടത്. ഗായകനും കോൺഗ്രസ് നേതാവുമായ മൂസെവാലയുടെ കൊലപാതകം തിഹാർ ജയിലുള്ള ഗുണ്ട നേതാവ് ലോറൻസ് ബിഷ്ണോയിയാണ് ആസൂത്രണം ചെയ്തതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ലോറൻസ് ബിഷ്ണോയിയുടെ ​​ഗുണ്ടാ സം‌ഘത്തിൽ ഉൾപ്പെട്ട ആളാണ് അറസ്റ്റിലായ സന്തോഷ് ജാദവ്. കൊല നടത്തിയ സംഘവുമായി നേരിട്ട് ബന്ധമുള്ള മഹാകാൾ എന്ന പ്രതിയെ മഹാരാഷ്ട്ര പൊലിസും ഡൽഹി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.

മൂസെവാലയുടെ കൊലപാതക കേസിൽ പഞ്ചാബ് സർക്കാർ നേരത്തെ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രമുഖരുടെ സുരക്ഷ കുറച്ചതിൽ ഹൈക്കോടതിയിൽ നിന്നും സർക്കാരിന് രൂക്ഷമായ വിമർശനവും കിട്ടിയിരുന്നു.. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

Top