ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പഞ്ചാബ് മുഖ്യമന്ത്രി; സിദ്ദു രാജി പിന്‍വലിച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി നവ്‌ജ്യോത് സിങ് സിദ്ദു തല്ക്കാലം പിന്‍ലിക്കാന്‍ സാധ്യത. സിദ്ദു മുന്നോട്ടു വെച്ച ചില ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ഉറപ്പ് നല്‍കിയതായി സൂചന. ഡിജിപി, അഡ്വക്കേറ്റ് ജനറല്‍ എന്നിവരെ മാറ്റണം എന്ന സിദ്ദുവിന്റെ ആവശ്യം മന്ത്രിസഭ പരിഗണിക്കുമെന്ന് അറിയിച്ചതായാണ് വിവരം. ഇതോടെയാണ് സിദ്ദു രാജി പിന്‍വലിച്ചേക്കുമെന്ന സൂചനകള്‍ പുറത്ത് വന്നത്. അതേ സമയം മന്ത്രിമാരെ മാറ്റില്ല. ആഭ്യന്തര വകുപ്പിന്റെ കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാകില്ല.

പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിങ്ങിനെ മാറ്റുന്നതില്‍ പരസ്യമായി രംഗത്തിറങ്ങിയ സിദ്ദു പക്ഷേ, കാര്യങ്ങള്‍ തന്റെ കയ്യില്‍ നിന്ന് മാറുകയാണെന്ന് മനസിലായതോടെയാണ് രാജി വച്ചത്. പഞ്ചാബില്‍ പുതുതായി ചുമതലയേറ്റ ചന്നി സര്‍ക്കാരില്‍ തന്റെ അനുയായികളായ എംഎല്‍എമാരെ ഉള്‍പ്പെടുത്താതിരുന്നതില്‍ സിദ്ദുവിന് കടുത്ത അമര്‍ഷമുണ്ടായത്. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളില്‍ സിദ്ദുവിനെ എഐസിസി നേതൃത്വം പൂര്‍ണമായും മാറ്റി നിര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചത്.

Top