sidhu is entry in AAP ; kejeriwal statement

ന്യൂഡല്‍ഹി: ബിജെപി രാജ്യസഭ അംഗത്വം രാജി വച്ച മുന്‍ ക്രിക്കറ്റര്‍ നവ്‌ജോത് സിംഗ് സിദ്ദു ആം ആദ്മില്‍ ചേരാന്‍ ഉപാധികളൊന്നും മുന്നോട്ട് വച്ചിട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.എന്നാല്‍ അദ്ദേഹത്തിന് തീരുമാനമെടുക്കാന്‍ കുറച്ച് സമയം മാത്രമാണ് ചോദിച്ചതെന്ന് കെജ്‌രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു

രാജ്യസഭ അംഗത്വം രാജി വച്ച ശേഷം സിദ്ദു ആം ആദ്മിയില്‍ ചേര്‍ന്ന് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും എന്ന് സൂചനകളുണ്ടായിരുന്നു.

എന്നാല്‍ സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള നിര്‍ദ്ദേശത്തോട് ആം ആദ്മി പാര്‍ട്ടി അനുകൂല നിലപാടെടുത്തിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

ആം ആദ്മി മുന്നോട്ട് വച്ചതിനേക്കാള്‍ നല്ലൊരു ‘ഓഫര്‍’ സിദ്ദുവിന് നല്‍കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അതിനിടയിലാണ് സിദ്ദുവിന്റെ ആം ആദ്മി പ്രവേശനം അടഞ്ഞ അധ്യായമല്ലെന്ന് വ്യക്തമാക്കി കെജ്‌രിവാള്‍ തന്നെ രംഗത്ത് വന്നത്.

സിദ്ദു ആം ആദ്മിയില്‍ ചേരുമോ ഇല്ലയോ എന്നുള്ള ധാരാളം കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. ഈ വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കേണ്ടത് സ്വന്തം കടമയായി കരുതുന്നതായും സിദ്ദുവിനോട് ആദരവ് മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Top