സിദ്ധാര്‍ഥയെ മരണത്തിലേക്ക് നയിച്ചത് കര്‍ണാടകത്തിലെ രാഷ്ട്രീയ പകപോക്കലെന്ന്. .

ബെംഗളൂരു: കഫെ കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ഥയുടെ ആത്മഹത്യയില്‍ രാഷ്ട്രീയക്കളിയുടെ സൂചനകള്‍. കര്‍ണാടകത്തിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറുമായുള്ള ആത്മബന്ധവും സിദ്ധാര്‍ഥയുടെ പതനത്തിനു കാരണമായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിദ്ധാര്‍ഥയുടെ ഭാര്യാപിതാവും മുന്‍ മുഖ്യമന്ത്രിയുമായ എസ്.എം കൃഷ്ണയുടെ അടുത്ത അനുയായി ആയിരുന്നു ഡി.കെ ശിവകുമാര്‍. കോണ്‍ഗ്രസ് നേതാവായ കൃഷ്ണ പിന്നീട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു.

വളരെ അടുത്ത സുഹൃദ്ബന്ധം നിലനിര്‍ത്തിപ്പോന്നിരുന്ന ആളുകളാണ് ശിവകുമാറും സിദ്ധാര്‍ഥയും. ഡി.കെ ശിവകുമാറിനെതിരായി രാഷ്ട്രീയ ലക്ഷ്യം വെച്ച് നടത്തിയ ആദായ നികുതി വകുപ്പിന്റെ പരിശോധനകളില്‍ സിദ്ധാര്‍ഥയും കുരുക്കിലായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശിവകുമാറിന്റെ ഓഫിസുകളില്‍ നടത്തിയ തിരച്ചിലില്‍ ലഭിച്ച രേഖകളാണ് സിദ്ധാര്‍ഥയെ സംശയത്തിന്റെ നിഴലിലേക്കു കൊണ്ടുവന്നതെന്നു സാമ്പത്തിക രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു.

സിദ്ധാര്‍ഥന് ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മുന്‍ ആദായ നികുതി വകുപ്പ് ഡയറക്ടര്‍ ജനറലുടെ ഭാഗത്ത് നിന്നും ഏറെ പീഢനമുണ്ടായതായ വിവരവും ഞെട്ടിപ്പിക്കുന്നതാണ്. മരിക്കുന്നതിന് മുന്‍പ് ജീവനക്കാര്‍ക്ക് എഴുതിയ കത്തിലാണ് ഈ വിവരമുള്ളത്. തങ്ങളുടെ ഷെയറുകള്‍ കണ്ടുകെട്ടുകയും മൈന്‍ഡ് ട്രീയുടെ ഇടപാടുകള്‍ തടസ്സപ്പെടുത്തുകയും ചെയ്തതായാണ് സിദ്ധാര്‍ഥ കത്തില്‍ ആരോപിക്കുന്നത്.

പരിഷ്‌ക്കരിച്ച നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ട് പോലും അവര്‍ തകര്‍ക്കാന്‍ ശ്രമിച്ചതായും സിദ്ധാര്‍ഥ കത്തില്‍ ആരോപിക്കുന്നു. ഇതാണ് തനിക്ക് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

2017ലാണ് ശിവകുമാറിനെതിരായ റെയ്ഡുകള്‍ നടന്നത്. ശിവകുമാറും കഫെ കോഫി ഡേയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചു വിവരം ലഭിച്ചതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്ന് വെളിപ്പെടുത്തിയിരുന്നു. മൈന്‍ഡ്ട്രീ എന്ന കമ്പനിയിലെ സിദ്ധാര്‍ഥയുടെ ഓഹരികള്‍ കണ്ടുകെട്ടാന്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തിടുക്കം കാട്ടിയെന്ന് ശിവകുമാറിന്റെ സഹോദരനും കോണ്‍ഗ്രസ് എംപിയുമായ ഡി കെ സുരേഷ് ആരോപിക്കുന്നു.

20.3 ശതമാനം ഓഹരിയാണ് സിദ്ധാര്‍ഥക്ക് മൈന്‍ഡ്ട്രീയില്‍ ഉണ്ടായിരുന്നത്. ഓഹരികള്‍ വിറ്റ് കടബാധ്യതകള്‍ തീര്‍ക്കാന്‍ സിദ്ധാര്‍ഥ ശ്രമിക്കുന്നതിനിടെയാണ് ഓഹരികള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ സ്വീകരിച്ചത്. ശിവകുമാറിനെതിരായ അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ ഈ നടപടി അനാവശ്യമായിരുന്നെന്നാണ് ഡി കെ സുരേഷ് പറയുന്നത്. മൈന്‍ഡ്ട്രീയിലെ 74.9 ലക്ഷം ഓഹരികളാണ് ജനുവരിയില്‍ ആദായനികുതി വകുപ്പ് കണ്ടു കെട്ടിയത്. എന്നാല്‍ പിന്നീട് ഈ ഓഹരികള്‍ വിട്ട് നല്‍കിയെങ്കിലും ഓഹരികള്‍ എല്‍ആന്‍ഡ്ടിക്കു വില്‍ക്കാനുള്ള നീക്കം ഇതോടെ തടസപ്പെടുകയും വന്‍ബാധ്യതയ്ക്ക് ഇടയാക്കുകയും ചെയ്തുവെന്നാണ് ആരോപണം.

അന്വേഷണങ്ങളുടെ പ്രധാന ലക്ഷ്യം കര്‍ണാടകയിലെ ഏറ്റവും സമ്പന്ന രാഷ്ട്രീയക്കാരനായ ഡി.കെ.ശിവകുമാര്‍ ആയിരുന്നുവെന്നാണു പലരും വിശ്വസിക്കുന്നത്. ശക്തമായ അഴിമതി ആരോപണങ്ങളും ശിവകുമാറിന് എതിരെ നിലനില്‍ക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ച ബിജെപിയ്ക്ക് വെല്ലുവിളിയായത് ശിവകുമാറിന്റെ തന്ത്രങ്ങളായിരുന്നു. ശിവകുമാറിനെയും സിദ്ധാര്‍ഥയെയും ബന്ധിപ്പിക്കാന്‍ ആദായനികുതി വകുപ്പ് ശ്രമിച്ചിരുന്നുവെന്ന് ശിവകുമാറിന്റെ അഭിഭാഷകനും പറയുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. സിദ്ധാര്‍ഥയ്ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടുമില്ലെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

Top