ശിവകുമാര്‍ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും; സിദ്ധരാമയ്യ

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ബി.ജെ.പി ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്നും അവരുടെ ലക്ഷ്യം എന്താണെന്ന് രാജ്യം തിരിച്ചറിയുന്നുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. ഡി.കെ.ശിവകുമാറിനെ അറസ്റ്റുചെയ്ത വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര എജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നിരന്തരം ബി.ജെ.പി വേട്ടയാടുകയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. ‘ബി.ജെ.പി ഭരണത്തില്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും, ഭരണപരാജയവും മറച്ചുവെക്കാന്‍ വേണ്ടിയാണ് ഇത്തരം നീക്കം. ബിജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഇരയാണ് ഡി.കെ. അദ്ദേഹം വിഷമഘട്ടങ്ങളില്‍ പെട്ടപ്പോഴെല്ലാം പാര്‍ട്ടി ഒപ്പം നിന്നിട്ടുണ്ട്. ഇത്തവണയും അദ്ദേഹത്തിന് പൂര്‍ണപിന്തുണ നല്‍കുന്നു’- സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ഡി.കെ.ശിവകുമാറിന്റെ അറസ്റ്റിനെതിരെ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കോടികളുടെ ഹവാലപ്പണം കടത്തിയെന്നാണു ശിവകുമാറിനെതിരായ ആരോപണം. ശര്‍മ ട്രാവല്‍സിന്റെ വാഹനങ്ങളിലായിരുന്നു പണം കടത്തല്‍.

ശര്‍മ ട്രാവല്‍സ് ഉടമ സുനില്‍കുമാര്‍ ശര്‍മ, ഡല്‍ഹി കര്‍ണാടക ഭവനിലെ ലയ്സണ്‍ ഓഫീസര്‍ ആഞ്ജനേയ ഹനുമന്തയ്യ, ശര്‍മ ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരന്‍ എന്‍.രാജേന്ദ്ര, ബിസിനസ് പങ്കാളി സച്ചിന്‍ നാരായണ എന്നിവര്‍ പണം കടത്തലിനു ശിവകുമാറിനെ സഹായിച്ചെന്നും ആദായനികുതി വകുപ്പ് പറയുന്നു. അടുത്തിടെ ജീവനൊടുക്കിയ കഫേ കോഫി ഡേ ഉടമ വി.ജി.സിദ്ധാര്‍ത്ഥയുമായി ശിവകുമാറിന്റെ മകള്‍ ഐശ്വര്യ കോടികളുടെ ഇടപാടു നടത്തിയതിന്റെ രേഖകള്‍ ശിവകുമാറിന്റെ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് എന്‍.ചന്ദ്രശേഖറിന്റെ വസതിയില്‍നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.

Top