പൊതുയോഗത്തിനിടെ പരാതി പറയാനെത്തിയ സ്ത്രീയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ

sidharammaya

ബംഗളൂരു: പൊതുയോഗത്തിനിടെ പരാതി പറയാനെത്തിയ സ്ത്രീയോട് ക്ഷുഭിതനായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണാടകയിലെ മൈസൂരിലാണ് സംഭവം.

സിദ്ധരാമയ്യുടെ മകനെ സംബന്ധിച്ച ചോദ്യമാണ് അദ്ദേഹത്തെ ക്ഷുഭിതനാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ചോദ്യത്തിനു പിന്നാലെ സ്ത്രീയോട് ഇരിക്കാന്‍
പറഞ്ഞ് സിദ്ധരാമയ്യ ആക്രോശിച്ചു. ഇതിനിടെ അവരുടെ കൈയിലിരുന്ന മൈക്കും സിദ്ധരാമയ്യ പിടിച്ചുവാങ്ങി. മൈക്കിനോടൊപ്പം അവരുടെ ദുപ്പട്ടയും സിദ്ധരാമയ്യയുടെ കൈയില്‍ കുരുങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

വരുണ മേഖലയില്‍ നടന്ന പൊതുയോഗത്തില്‍ മുന്‍ നിരയിലിരുന്ന സ്ത്രീ എഴുന്നേറ്റു നിന്ന് ചോദ്യം ചോദിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ക്ഷുഭിതനായത്. സ്ത്രീ വീണ്ടും പരാതി ഉന്നയിക്കന്‍ തുടങ്ങിയപ്പോള്‍ സിദ്ധരാമയ്യ അവരുടെ ചുമലില്‍ പിടിച്ച് ഇരിക്കാനായി ആവശ്യപ്പെട്ടു.

സംഭവം വിവാദമായതോടെ സിദ്ധരാമയ്യയെ പിന്തുണച്ചുകൊണ്ട് കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു രംഗത്തെത്തി. അവര്‍ തുടര്‍ച്ചയായി ചോദ്യം ചോദിച്ചതിനാലാണ് അവരെ തടഞ്ഞതെന്നാണ് ദിനേഷ് ഗുണ്ടു പറഞ്ഞത്.

Top