മോദി അഴിമതി ആരോപണങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണം: സിദ്ധരാമയ്യ

sidharammaya

ബംഗളൂരു:തനിക്കെതിരെ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണമെന്നും അതിനു തയാറായില്ലെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്നും വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വക്കീല്‍ നോട്ടീസ്. 100 കോടി രൂപയുടെ മാനനഷ്ടക്കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ എന്നിവര്‍ക്കാണ് സിദ്ധരാമയ്യ നോട്ടീസ് അയച്ചത്. തനിക്കെതിരെ ബിജെപി നേതാക്കള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് സിദ്ധരാമയ്യ നോട്ടീസില്‍ ആരോപിക്കുന്നു.

പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കുമെന്നും നോട്ടീസില്‍ പറയുന്നു.

കര്‍ണാടകയില്‍ ഭരണം നടത്തുന്നത് അഴിമതി നിറഞ്ഞ സര്‍ക്കാരാണെന്നും ഒരോ ഇടപാടിനും സിദ്ധരാമയ്യ സര്‍ക്കാര്‍ 10 ശതമാനം കമ്മീഷന്‍ കൈപ്പറ്റുന്നുവെന്നും മോദി ആരോപിച്ചിരുന്നു. എളുപ്പം കൊലപാതകങ്ങള്‍ ചെയ്യാവുന്ന സംസ്ഥാനമായി കര്‍ണാടക മാറിയെന്നും മോദി ആരോപിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ നോട്ടീസ് അയച്ചിരിക്കുന്നത്.

Top