സിദ്ദിഖിനെ കുരുക്കിയ ആരോപണം; രസകരമായ പ്രതികരണവുമായി നടന്‍

കൊച്ചി:തിരുവന്തപുരം നിള തിയറ്ററില്‍ വെച്ച് അപമര്യാദയായി പെരുമാറി എന്ന യുവനടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിനോട് പ്രതികരണവുമായി നടന്‍ സിദ്ദിഖ് രംഗത്ത്. ദിലീപ് നായകനായ കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയിലെ നീക്കം ചെയ്ത ഒരു രംഗത്തിന്റെ വിഡിയോ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചാണ് താരം തന്റെ നേര്‍ക്കുള്ള ആരോപണത്തില്‍ പ്രതികരണവുമായി എത്തിയത്.

കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തില്‍ ബ്രജിത്ത് എന്ന വിദേശിയായ യുവതിയോട് സിദ്ദിഖിന്റെ കഥാപാത്രം ഇഷ്ടമാണ് എന്നു പറയുന്ന വീഡിയോ ആണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. യുവതിയോട് ‘ഐ ലവ് യു’ എന്നു പറയുമ്പോള്‍ അവര്‍ തിരിച്ച് ‘മീ ടൂ’ എന്നു പറയുന്നു. യുവതി പറയുന്ന ‘മീ ടൂ’, ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ സജീവമായ ‘മീ ടൂ’ കാമ്പെയിനാണെന്ന് തെറ്റിദ്ധരിച്ച് സിദ്ദിഖ് ഓടി രക്ഷപ്പെടുന്നതാണ് രംഗം.

താന്‍ പ്രധാന വേഷത്തില്‍ എത്തിയ സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ചടങ്ങില്‍ തന്റെ ക്ഷണം സ്വീകരിച്ചാണ് ആ കുട്ടി എത്തിയതെന്നും ഒപ്പം അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു എന്നും സിദ്ദിഖ് പറഞ്ഞു. ചിത്രത്തിന്റെ പ്രിവ്യുവിനു ശേഷം മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് ഒരുമിച്ച് ഭക്ഷണവും കഴിച്ച് സന്തോഷമായാണ് പിരിഞ്ഞത്. അതിനു ശേഷവും ഇടയ്ക്ക് ആ കുട്ടി എന്നെ വിളിക്കാറുണ്ടായിരുന്നു. ആ പെണ്‍കുട്ടി ആരരോപിക്കുന്ന പോലെ ഒരു സംഭവവും നടന്നിട്ടില്ലെന്നും ഇത്തരത്തിലൊരു ആരോപണം എന്തിനാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവന്തപുരം നിള തീയറ്ററില്‍ വെച്ച് നടന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും അത് തന്നെ മാനസികമായി തളര്‍ത്തി എന്ന വെളിപ്പെടുത്തലുമായി നടി രംഗത്ത് എത്തിയത്.

Top