സിദ്ദിഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കണം; യുപി സര്‍ക്കാരിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: യുപി പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. കോവിഡ് ബാധിതനായ സിദ്ദീഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന ആവശ്യം നാളെ പരിഗണിക്കാന്‍ കോടതി മാറ്റി.

20-ാം തീയതി കോവിഡ് സ്ഥിരീകരിച്ച കാപ്പനെ മധുരയിലെ കൃഷ്ണ മോഹന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാപ്പനെ ആശുപത്രിയില്‍ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്ന് അഭിഭാഷകന്‍ വില്‍സ് മാത്യു കോടതിയെ അറിയിച്ചു. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ ആരോപണം നിഷേധിച്ചു.

ചികിത്സയ്ക്കായി ഡല്‍ഹിയിലെ എയിംസിലേക്കോ സഫ്ദര്‍ ജങ് ആശുപത്രിയിലേക്കോ സിദ്ദിഖ് കാപ്പനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയനും കാപ്പന്റെ ഭാര്യ റൈഹാനത്തുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Top