സിദ്ദിഖ് കാപ്പന്റെ മോചനം; മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് ടി.എന്‍ പ്രതാപന്‍

തൃശൂര്‍: ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ടിഎന്‍ പ്രതാപന്‍ എംപി കത്തയച്ചു.

സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. കാപ്പനെ സഹായിക്കാന്‍ വൈകുകയാണെങ്കില്‍ ചരിത്രം മുഖ്യമന്ത്രിയെ കുറ്റക്കാരനെന്ന് വിളിക്കുമെന്നും പ്രതാപന്‍ പറഞ്ഞു. വിദേശത്ത് മലയാളി പ്രമുഖര്‍ കേസില്‍ കുടുങ്ങുമ്പോള്‍ നാട്ടിലെത്തിക്കാന്‍ കാണിച്ച താത്പര്യം ജോലി ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ മലയാളിയുടെ കാര്യത്തിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റിലായി ഇത്രയും ദിവസമായിട്ടും ഡല്‍ഹിയിലെ അഭിഭാഷകന് പോലും സിദ്ദിഖ് കാപ്പനെ കാണാനായിട്ടില്ലെന്നും ദിവസേന പുതിയ വകുപ്പുകള്‍ ചുമത്തുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ടെന്നും സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പറഞ്ഞു.

Top