സിദ്ധാര്‍ത്ഥ്.. മാപ്പ്..’; കേരളത്തെ പരിഹസിച്ച് കവി റഫീഖ് അഹമ്മദ്

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ മരിച്ച സംഭവത്തില്‍ സാംസ്‌കാരിക കേരളത്തെ പരിഹസിച്ച് കവി റഫീഖ് അഹമ്മദ്. കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ടാണ് കവിയുടെ പരിഹാസം. ‘സിദ്ധാര്‍ത്ഥ്.. മാപ്പ്..’; എന്ന കുറിപ്പോടെയാണ് പരിഹാസ കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാംസ്‌കാരിക കേരളത്തിന്റെ പ്രതികരണശേഷി പണ്ടേ നഷ്ടപ്പെട്ടതാണെന്ന് കാര്‍ട്ടൂണില്‍ പറയുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിക്കാത്തതിലെ പ്രതിഷേധം പങ്കുവയ്ക്കുകയാണ് കവി.

ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കൊലപാതക സാധ്യതയെ പറ്റിയുള്ള അന്വേഷണത്തിലാണ് പൊലീസ്. പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരുകയാണ്. വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ വീണ്ടും പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം. സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ച സമയത്ത് ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന നിഗമനത്തിലാണിത്. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുക വഴി കേസിലെ ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെ പുറത്ത് കൊണ്ട് വരാനാകുമെന്നും പൊലീസ് കണക്ക് കൂട്ടുന്നുണ്ട്. നിലവില്‍ സിദ്ധാര്‍ത്ഥനെ ഹോസ്റ്റലില്‍ പരസ്യവിചാരണയ്ക്ക് വിധേയമാക്കിയ ചിത്രങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ടെന്നാണ് വിവരം. ചിത്രങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രതികളെ പൊലീസ് ചോദ്യം ചെയ്യുന്നത്.

ഫൊറന്‍സിക് പരിശോധന ഫലം നിര്‍ണായകമാണ്. തൂങ്ങി മരിക്കാന്‍ ഉപയോഗിച്ച തുണി ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൃതദേഹം അഴിച്ചത് പ്രതികള്‍ ആണെന്നതിലും ദുരൂഹതയുണ്ട്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മുഖ്യപ്രതി സിന്‍ജോ ജോണ്‍സണുമായി സര്‍വ്വകലാശാല ഹോസ്റ്റലില്‍ നടത്തിയ തെളിവെടുപ്പില്‍ കണ്ടെത്തിയത് നിര്‍ണായക തെളിവുകളാണ്. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ഗ്ലൂ ഗണ്ണിന്റെ ഇലക്ട്രിക് വയര്‍, ഒരു ചെരിപ്പ് എന്നിവയാണ് കണ്ടെത്തിയത്. സംഭവ സമയത്ത് സിന്‍ജോ ജോണ്‍സണ്‍ ഉപയോഗിച്ച ചെരിപ്പാണ് കണ്ടെത്തിയത്. പ്രതി ഇത് മുറിയില്‍ ഒളിപ്പിച്ച് വെച്ചതായിരുന്നു. ഹോസ്റ്റലിലെ മുപ്പത്തി ആറാം നമ്പര്‍ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

Top