മതമാണ് തീരുമാനകാരണമെങ്കിൽ, സൈറ തൊഴിൽമേഖലക്ക് യോജിച്ചതല്ലെന്ന്…

ദംഗല്‍ നായിക സൈറ വസീം അഭിനയം നിര്‍ത്തുന്നു എന്ന് കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.മതപരമായ വിശ്വാസങ്ങളെ തുടര്‍ന്ന് സിനിമ ഉപേക്ഷിക്കുകയാണെന്നാണ് താരം കഴിഞ്ഞ ദിവസം അറിയിച്ചത്. താരം അഭിനയ ജീവിതം നിര്‍ത്തുന്നു എന്ന് വാര്‍ത്തയെ അനുകൂലിച്ചും അതിനെ വിമര്‍ശിച്ചും നിരവധിപേരാണ് രംഗത്ത് വന്നത്. എഴുത്തുകാരി തസ്ലീമാ നസ്‌റിനും രവീണ ടണ്ടനും രൂക്ഷമായി തന്നെയാണ് സൈറയുടെ തീരുമാനത്തോട് പ്രതികരിച്ചത്. സൈറയുടെ തീരുമാനം ഒരു ദുരന്തമാണെന്നാണ് നടന്‍ അനുപം ഖേര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത് തികച്ചും വ്യക്തിപരമാണെന്നും അവര്‍ക്ക് എന്തുവേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ സിദ്ധാര്‍ഥ്. കലയില്‍ മതത്തിന്റെ ആവശ്യമില്ലെന്നും ഒരാളെ മതം കലയില്‍ നിന്ന് പിന്തിരിപ്പിക്കുന്നുവെങ്കില്‍ അന്തിമമായി ആ വ്യക്തി കലയ്ക്ക് ചേര്‍ന്ന ആളല്ലെന്നുമാണ് സിദ്ധാര്‍ത്ഥ് പ്രതികരിച്ചത്‌.

‘ഇത് നിങ്ങളുടെ ജീവിതമാണ്. ഇഷ്ടമുള്ളതൊക്കെ ചെയ്‌തോളൂ. ഭാവിജീവിതത്തിന് ആശംസകള്‍. നമ്മുടെ കലയും കലാസപര്യയുമാണ് നമ്മുടെ ജീവിതമെന്നു ഞാന്‍ വിശ്വസിക്കുന്നു. അതില്‍നിന്ന് മതത്തെ ഒഴിവാക്കാന്‍ നാം പോരാടേണ്ടതുണ്ട്. അത് ഇവിടെ ആവശ്യമില്ല. നിങ്ങളുടെ മതമാണ് നിങ്ങളെ കൊണ്ട് ഇതു ചെയ്യിച്ചതെങ്കില്‍, അന്തിമമായി നിങ്ങള്‍ ഇവിടേക്കു ചേര്‍ന്നയാളല്ല. ആശംസകള്‍’ എന്നായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്.

അഞ്ച് വര്‍ഷം മുന്‍പ് താനെടുത്ത ഒരു തീരുമാനം തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചെന്നും അത് തനിക്ക് പ്രശസ്തിയും ശ്രദ്ധയും നേടിത്തന്നെന്നും പറഞ്ഞുകൊണ്ടാണ് സൈറ കുറിപ്പ് തുടങ്ങിയത്. എന്നാല്‍ അത്തരത്തില്‍ മുന്നോട്ടുപോകുന്നതില്‍ താന്‍ സന്തോഷവതിയല്ലെന്നും വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിച്ചെന്നുമാണ് സൈറ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

2016ല്‍ തീയേറ്ററുകളിലെത്തിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് സൈറ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. സൈറ പ്രധാന വേഷത്തില്‍ എത്തിയ സീക്രട്ട് സൂപ്പര്‍സ്റ്റാറും മികച്ച വിജയമാണ് നേടിയത്. ‘ദ സ്‌കൈ ഈസ് പിങ്ക്’ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Top