എച്ച്.ഡി.എഫ്.സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് കിരണ്‍ സാങ്‌വി കൊല്ലപ്പെട്ടെന്ന് മുംബൈ പൊലീസ്

HDFC

മുംബൈ: കാണാതായ എച്ച്.ഡി.എഫ്.സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് കിരണ്‍ സാങ്‌വി കൊല്ലപ്പെട്ടെന്ന് മുംബൈ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് പേരാണ് കൊലപാതകത്തില്‍ പങ്കെടുത്തതെന്നും പൊലീസ് കണ്ടെത്തി. അതേസമയം മൃതദേഹം കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

മുംബൈയിലെ കമലാ ഹില്‍സിലെ ഓഫീസില്‍ നിന്ന് സിദ്ധാര്‍ത്ഥ് സാങ്‌വിയെ സെപ്റ്റംബര്‍ അഞ്ച് മുതലാണ് കാണാതായത്. ബുധനാഴ്ച ജോലികഴിഞ്ഞ് ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ സാങ്‌വിയെ ഏറെ വൈകിയും കാണാതായതോടെ ഭാര്യയാണ് പൊലീസില്‍ സമീപിച്ചത്.

മുംബൈയിലെ കമല മില്‍സ് ഓഫീസിനടുത്തു നിന്നാണ് സിദ്ധാര്‍ത്ഥ് കിരണ്‍ സിംഘ്വിയെ കാണാതായത്. ബുധനാഴ്ച രാവിലെ 8.30ന് വീട്ടില്‍ നിന്നിറങ്ങിയ ഇദ്ദേഹം ഓഫീസിലെത്തുകയും തിരിച്ച് വൈകീട്ട് 7.30 ഇറങ്ങുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ കാര്‍ നവി മുംബൈയില്‍ നിന്നും കണ്ടെത്തിയിരുന്നു. ഐരോലി സെക്ടര്‍ 11ലാണ് കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

7.30ന് ഓഫീസില്‍ നിന്ന് സിദ്ധാര്‍ത്ഥ് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറകളില്‍ പതിഞ്ഞിരുന്നു. പക്ഷെ ദൃശ്യങ്ങളില്‍ ഇദ്ദേഹത്തിന്റെ കാര്‍ കണ്ടെത്താനായിരുന്നില്ല.

കമല മില്‍ പരിസരത്തു നിന്നും പോകുന്ന സമയത്തു തന്നെ സിദ്ധാര്‍ത്ഥിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പത്തുമണി വരെ സിദ്ധാര്‍ത്ഥിനെ വിളിച്ചിട്ട് കിട്ടാതായപ്പോഴാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്.

Top