സിദ്ധാര്‍ഥ് ശുക്ലയ്ക്ക് പകരം തനിക്ക് ആദരാഞ്ജലി അയച്ചവര്‍ക്കെതിരെ സിദ്ധാര്‍ഥ്

ഹിന്ദി ടിവി- സീരിയല്‍ നടനും ബിഗ് ബോസ് വിജയിയുമായ സിദ്ധാര്‍ഥ് ശുക്ലയുടെ മരണത്തില്‍ അനുശോചനക്കുറിപ്പുകള്‍ നിറയുകയാണ്. എന്നാല്‍, താനാണ് മരിച്ചതെന്ന തരത്തില്‍ ആദരാഞ്ജലി രേഖപ്പെടുത്തിയുള്ള ചില പോസ്റ്റുകള്‍ മനപ്പൂര്‍വമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തെന്നിന്ത്യന്‍ നടന്‍ സിദ്ധാര്‍ഥ്.

തന്റെ ഫോട്ടോ ഉള്‍പ്പെടുത്തി ‘റെസ്റ്റ് ഇന്‍ പീസ് സിദ്ധാര്‍ഥ്’ എന്ന് ആദരാഞ്ജലി കുറിച്ച ട്വീറ്റുകള്‍ പങ്കുവച്ചുകൊണ്ടാണ് നടന്‍ രംഗത്തെത്തിയത്. ഇത് ലക്ഷ്യം വച്ചുള്ള വെറുപ്പും ഉപദ്രവവുമാണെന്ന് താരം ട്വീറ്റില്‍ പറഞ്ഞു. ഇങ്ങനെ ചെയ്യുന്നത് വഴി നമ്മള്‍ എന്തിലേക്കാണ് ചുരുങ്ങുന്നതെന്നും സിദ്ധാര്‍ഥ് ട്വിറ്ററില്‍ ചോദിച്ചു.

തനിക്കെതിരെയും കുടുംബത്തിനെതിരെയും ബിജെപി പ്രവര്‍ത്തകര്‍ വധഭീഷണിയും പീഡന ഭീഷണിയും ഉന്നയിച്ചിരുന്നു എന്ന് സിദ്ധാര്‍ഥ് കഴിഞ്ഞ ഏപ്രിലില്‍ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരെയും ബിജെപിയുടെ മതവിദ്വേഷത്തിനെതിരെയും തുറന്നടിച്ച് പ്രതികരിച്ച താരമാണ് സിദ്ധാര്‍ഥ്.

ബോയ്സ്, അവള്‍, രംഗ് ദേ ബസന്തി തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ സാന്നിധ്യമായ സിദ്ധാര്‍ഥ്, പാര്‍വതി തിരുവോത്തിനൊപ്പം നവരസ എന്ന ആന്തോളജി ചിത്രത്തിലും അഭിനയിച്ചിരുന്നു.

 

Top