മനുഷ്യത്വമാണ് വലുത്,കാസര്‍കോട്-മംഗലാപുരം പാതയില്‍ യാത്രികരെ കടത്തിവിടണം

ബെംഗളൂരു: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ണാടക അതിര്‍ത്തി അടച്ച വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ.

മനുഷ്യത്വമാണ് വലുതെന്നും കാസര്‍കോട്-മംഗലാപുരം പാതയില്‍ അത്യാവശ്യ യാത്രികരെ കടത്തി വിടണമെന്നും സിദ്ധരാമയ്യ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

കൊറോണക്കെതിരായ നമ്മുടെ പോരാട്ടം ജാതിക്കും മതത്തിനും അതിര്‍ത്തികള്‍ക്കും അതീതമാണെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.

അതേസമയം, കേരളത്തില്‍ നിന്ന് വരുന്നവരെ അതിര്‍ത്തിയില്‍ തടയണമെന്ന സിദ്ധരാമയ്യയുടെ പ്രസ്താവന വിവാദമായിരുന്നു.

ദക്ഷിണ കന്നഡ, മൈസൂരു, കുടക് അതിര്‍ത്തികള്‍ വഴി കൊറോണ വൈറസ് ബാധയേറ്റവര്‍ കര്‍ണാടകത്തിലേക്കു കടക്കുന്നുണ്ട്. കേരളത്തില്‍ നിന്നു വരുന്നവരെ അതിര്‍ത്തിയില്‍ തടയണമെന്നും സിദ്ധരാമയ്യ മൈസൂരു ഡെപ്യൂട്ടി കമ്മിഷണറോട് ഫോണില്‍ ആവശ്യപ്പെട്ടതായി കന്നഡ ദിനപത്രം ഉദയവാണിയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

അതേസമയം അത്യാവശ്യ ആശുപത്രി ആവശ്യങ്ങള്‍ക്കായി കേരള-കര്‍ണാടക അതിര്‍ത്തി തുറന്നുനല്‍കിയിട്ടുണ്ട്, അതിനാല്‍
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തലപ്പാടി വഴി മംഗളൂരുവിലെ ആശുപത്രികളിലേക്കു പോകാം. എന്നാല്‍ രോഗികളെ പരിശോധിക്കുന്ന ഡോക്ടറുടെ അനുമതിയോടെ മാത്രമെ യാത്ര അനുവദിക്കുകയുള്ളൂ.

അതിര്‍ത്തിയിലെ പ്രശ്‌നത്തില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം ഇന്നലെ വൈകിട്ട്‌ കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തടസ്സം നീക്കാനുള്ള കോടതി നിര്‍ദേശം വന്നത്.

Top