കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഇന്ന് പ്രഖ്യാപിച്ചേക്കും; ഡികെ ദില്ലിക്ക്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഇന്ന് പ്രഖ്യാപിച്ചേക്കും. 85 എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യക്ക് ഉണ്ടെന്നാണ് നിരീക്ഷകരുടെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും ചർച്ചകൾ. കടുത്ത അതൃപ്തിയിലുള്ള ഡികെ ശിവകുമാർ ഇന്ന് ചർച്ചയ്ക്കായി ദില്ലിയിലെത്തുമെന്ന് കരുതുന്നു. ഇന്നലെ അദ്ദേഹത്തോട് ദില്ലിയിലെത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പോയിരുന്നില്ല. സിദ്ധരാമയ്യ ദില്ലിയിലുണ്ട്. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും നൽകി അനുനയിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം.

കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ സിദ്ധരാമയ്യയും ഹൈക്കമാൻഡ് നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. അതേ സമയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കർണ്ണാടക നിരീക്ഷകരുമായുള്ള ചർച്ച ഇന്നും തുടരും. കഴിഞ്ഞ ദിവസം ചർച്ച നടന്നെങ്കിലും ഡികെ ശിവകുമാർ എത്താത്തതിനാൽ ഇന്നത്തേക്ക് നീട്ടുകയായിരുന്നു.

85 എംഎൽഎമാർ സിദ്ധരാമയ്യക്കും, 45 എംഎൽഎമാർ ഡി കെ ശിവകുമാറിനും പിന്തുണ നൽകിയെന്നാണ് വിവരം. നിയമസഭാംഗങ്ങളിൽ കൂടുതൽ പേരുടെ പിന്തുണയുള്ള സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. അനുനയത്തിന്റെ ഭാഗമായി പിസിസി അധ്യക്ഷ പദവി നിലനിർത്തുന്നതിന് പുറമെ ഡി കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും, പ്രധാന വകുപ്പുകളും നൽക്കിയേക്കും.

Top