സിദ്ധരാമയ്യയുടെ യാത്ര സ്വകാര്യ വിമാനത്തിൽ; വിമർശനവുമായി ബി.ജെ.പി

ന്യൂഡൽഹി: കർണാടകയിൽ പോരടിച്ച് കോൺ​ഗ്രസും ബി.ജെ.പിയും. സ്വകാര്യ വിമാനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രി സമീർ അഹമ്മദ് ഖാനും നടത്തിയ യാത്രയെ ചൊല്ലിയാണ് തർക്കം. സമീർ അഹമ്മദ് ഖാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയെ തുടർന്നാണ് വാക്ക് പോരിന് തുടക്കമായത്. ആഢംബരയാത്രയെന്ന് ആരോപിച്ചാണ് ബിജെപിയുടെ വിമർശനം. വരൾച്ചാ ദുരിതാശ്വാസ ഫണ്ട് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനാണ് ഇരുവരും ഡൽഹിയിലേക്ക് പോയത്.

സമീർ അഹമ്മദ് ഖാനും മുഖ്യമന്ത്രി സിദ്ധരാമയ്യയും ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് സ്വകാര്യ ജെറ്റിൽ യാത്രചെയ്യുന്ന വീഡിയോയാണ് സമീർ അഹമ്മദ് ഖാൻ പങ്കുവച്ചത്. “മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കൊപ്പം ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്രചെയ്തതിന്റെ സന്തോഷകരമായ നിമിഷങ്ങൾ,” എന്ന് ഖാൻ സാമൂഹ്യമാധ്യമത്തിൽ കുറിച്ചു.

ഇതോടെ വിമർശനവുമായി കർണാടക ബിജെപി അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര എത്തി. കർണാടക കടുത്ത വരൾച്ചയിൽ നട്ടംതിരിയുന്ന ഈ സമയത്ത്, സംസ്ഥാനത്തെ കർഷകർ വിളനാശത്തിൽ പൊറുതിമുട്ടുമ്പോൾ കോൺഗ്രസ് നേതാക്കൾ ആഡംബര ജീവിതം നയിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

സിദ്ധരാമയ്യയ്ക്ക് സ്വകാര്യ വിമാനത്തിൽ പറക്കുന്നതിന് പകരം സാധാരണ വിമാനത്തിൽ പോകാമായിരുന്നുവെന്ന് ബിജെപി വക്താവ് എസ്. പ്രകാശ് എൻഡിടിവിയോട് പറഞ്ഞു. 200-ലധികം താലൂക്കുകൾ വരൾച്ചബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. അത്തരം സാഹചര്യങ്ങളിൽ, ഇത്തരത്തിലുള്ള ആഡംബര ചാർട്ടേഡ് വിമാന യാത്ര വിവേകശൂന്യവും മനുഷ്യത്വരഹിതവുമാണെന്നും പ്രകാശ് പറഞ്ഞു.

അതേസമയം, പ്രത്യേക വിമാനത്തിൽ പോയതിൽ എന്താണ് തെറ്റെന്ന് സമീർ അഹമ്മദ് ഖാൻ ബിജെപിയോട് ചോദിച്ചു. ഡൽഹി യാത്ര അടിയന്തിരമായിരുന്നുവെന്നും സാധാരണ വിമാനങ്ങൾക്ക് ടിക്കറ്റ് ലഭ്യമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. അടുത്ത ദിവസം ക്യാബിനറ്റ് മീറ്റിങ് ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സോഷ്യൽ മീഡിയയിൽ വീഡിയോകൾ സ്വൈപ്പ് ചെയ്യുന്നതിന്നതിനുപകരം വരൾച്ച ബാധിത പ്രദേശങ്ങൾക്ക് ഫണ്ട് അനുവദിക്കാത്തത് എന്തുകൊണ്ടാണെന്നും കോൺഗ്രസ് ചോദിക്കുന്നു.

ബി.ജെ.പിയുടെ വിമർശനങ്ങളോട് പ്രതികരിച്ച സിദ്ധരാമയ്യ, പ്രധാനമന്ത്രി ഏത് രീതിയിലാണ് യാത്രചെയ്യുന്നതെന്ന് ചോദിക്കാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 60 പേർക്ക് ഇരിക്കാവുന്ന വിമാനത്തിൽ അദ്ദേഹം തനിച്ചാണ് യാത്രചെയ്യുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

Top