സിഡ്‌കോ അഴിമതി ; നടപടിയൊടുക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍, വകുപ്പിന്റെ വീഴ്ചയും പരിശോധിക്കും

baheer

തിരുവനന്തപുരം: സിഡ്‌കോ അഴിമതിയില്‍ നടപടിയെടുക്കാനൊരുങ്ങി സര്‍ക്കാര്‍. സജി ബഷീറുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

വകുപ്പിന് സംഭവിച്ച വീഴ്ചയും പരിശോധിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. വ്യവസായ മന്ത്രി എ.സി മൊയ്തീനാണ് നിര്‍ദ്ദേശം നല്‍കിയത്.

വിജിലന്‍സ് കേസില്‍ പ്രതിയായ സജി ബഷീറിനെ കഴിഞ്ഞ ദിവസമാണ് കെല്‍പാം എംഡിയായി നിയമിച്ചത്. അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള വിവാദകേസുകള്‍ നിലനില്‍ക്കെയായിരുന്നു നിയമനം.

സിഡ്‌കോ എംഡിയായിരിക്കെയാണ് സജിക്കെതിരെ ക്രമക്കേട് ആരോപണം ഉയര്‍ന്നിരുന്നത്. ഇയാളെ പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെയും സിഡ്‌കോയുടെയും എംഡിയായിരിക്കെ സജി ബഷീര്‍ നടത്തിയ ഇടപാടുകള്‍ സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

അധികാര ദുര്‍വിനിയോഗത്തിലൂടെ സജി സമ്പാദിച്ച സ്വത്ത് വിദേശത്ത് നിക്ഷേപിക്കാന്‍ സാധ്യതയുണ്ട്. സിബിഐയ്ക്കു മാത്രമേ ഇക്കാര്യം അന്വേഷിക്കാനാവൂ. ലക്‌നൗവിലെ ഉത്തര്‍പ്രദേശ് കോ ഓപ്പറേറ്റീവ് ഫെഡറേഷന് ഡൈ അമോണിയം ഫോസ്‌ഫേറ്റ് നല്‍കിയതിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സിന്റെ പരിമിതിയുണ്ട്. ഇയാളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഈ വസ്തുതകൂടി കണക്കിലെടുത്ത് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Top