ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; സിബി മാത്യൂസിന്റെ ഹര്‍ജിയില്‍ വിശദീകരണം തേടി

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസിന്റെ ഹര്‍ജിയില്‍ സിബിഐയോട് വിശദീകരണം തേടി ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ചതിനെതിരെയാണ് സിബിഐയോട് കോടതി വിശദീകരണം തേടിയിരിക്കുന്നത്.

അറുപതു ദിവസം സമയപരിധി നിശ്ചയിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ചത്. ഇതിനെതിരെയാണ മുന്‍ ഡിജിപി കൂടിയായ സിബി മാത്യൂസ് ഹൈക്കോടതിയെ സമീപിച്ചത്. സെഷന്‍സ് കോടതി ഉത്തരവ് സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്നും ഇത് റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സിബി മാത്യൂസ് ഹൈക്കോടതിയെ സമീപിച്ചത്.

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിക്കുന്ന സമയത്ത് പ്രത്യേക അന്വേഷണ സംഘത്തില്‍ അംഗമായിരുന്നു സിബി മാത്യൂസ്. ഹര്‍ജി അടുത്ത മാസം 21ന് വീണ്ടും പരിഗണിക്കും.

നേരത്തെ, ഐഎസ്ആര്‍ഒ ചാരക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും, ഫൗസിയ ഹസ്സനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ചാരവനിതകളെന്ന് മുദ്രകുത്തപ്പെട്ട മറിയം റഷീദയും ഫൗസിയ ഹസനും സിബിഐ മുഖേനയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അനധികൃതമായി മൂന്ന് വര്‍ഷവും ആറ് മാസവും തടങ്കലില്‍ പാര്‍പ്പിച്ചതിന് കുറ്റക്കാരായ പതിനെട്ട് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് രണ്ട് കോടി രൂപ നഷ്ടപരിഹാരം ലഭിക്കണം എന്നാണ് ആവശ്യം. തങ്ങളെ ലൈംഗീകമായി പീഡിപ്പിച്ച മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ എസ് വിജയന് എതിരെ നിയമനടപടി വേണമെന്നും ഇരുവരും സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

ഐ എസ് ആര്‍ ഒ ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന സിബിഐ മുഖാന്തരമാണ് മറിയം റഷീദയും ഫൗസിയ ഹൗസനും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കളളക്കേസില്‍ ജയലിലടയ്ക്കപ്പെട്ട നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കിയ സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് ഇരുവരുടേയും നീക്കം. മൂന്നരവര്‍ഷത്തോളം വിചാരണപോലും ഇല്ലാതെ ജയില്‍ക്കിടന്നെന്നും തുടര്‍ന്നുളള സൈ്വര്യ ജീവിതം വഴിമുട്ടിയെന്നും, മാലി ചാരവനിതകളെന്ന് മുദ്രകുത്തി കളളക്കേസില്‍ ജയിലിലടയ്ക്കപ്പെട്ട തങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വേണമെന്നുമാണ് ഇരുവരുടെയും ഹര്‍ജിയിലുളളത്.

Top