രാജ്യത്തിന് അഭിമാനമായി സൈബർ ഡോം, കേരള പൊലീസിന് പുതിയ തിളക്കം

തിരുവനന്തപുരം; പുരസ്‌കാരങ്ങളുടെ നിറവില്‍ കേരളാ പൊലീസിന്റെ സൈബര്‍ ഡോം കൂട്ടായ്മ. കുറ്റകൃത്യങ്ങള്‍ക്കെതിരെ രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെയും സ്വകാര്യ – പൊതുമേഖല കമ്പനികളുടെയും സഹകരണത്തോടെ ആരംഭിച്ച സൈബര്‍ ഡോം നേടിയത് ഒട്ടേറെ പുരസ്‌കാരങ്ങളാണ്.

സൈബര്‍ ഡോം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയല്‍ ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ നേടിയത് ആറ് ദേശീയ- രാജ്യാന്തര പുരസ്‌കാരങ്ങളാണ്. സംസ്ഥാന സര്‍ക്കാരിന് കീഴിലുളള ഒരു സംരംഭത്തിന് ഇതേ കാലയളവില്‍ ലഭിച്ച പുരസ്‌കാരങ്ങളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ നേട്ടമാണ് സൈബര്‍ ഡോം കരസ്ഥമാക്കിയത്.

ഏറ്റവും ഒടുവിലായി ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കിയതിന് ബി.ഡബ്‌ള്യു. ബിസിനസ് വേള്‍ഡ് ഡിജിറ്റല്‍ ഇന്ത്യ അവാര്‍ഡ് 2019 സൈബര്‍ ഡോമിന് ലഭിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആദിത്യ ഐപിഎസ് ആണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

2018-19 വര്‍ഷത്തില്‍ എഫ്ഐസിസിഐ സ്മാര്‍ട്ട് പൊലീസിങ് അവാര്‍ഡ് , സ്‌കോച്ച് ഓര്‍ഡര്‍ ഓഫ് മെരിറ്റ് അവാര്‍ഡ് ഫോര്‍ സ്മാര്‍ട്ട് പോലീസിങ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് ഏഷ്യ പെസഫിക് ഇന്‍ മാനേജെരിയല്‍ പ്രൊഫഷണല്‍ കാറ്റഗറി ഫോര്‍ ആന്‍ ഇന്‍ഫോ സെക് പ്രോജക്ട്, കെ 7 സെക്യൂരിറ്റി മെഡല്‍ ഓഫ് ഓണര്‍ അവാര്‍ഡ്, സിസോമാഗ് ബെസ്റ്റ് ഡിജിറ്റല്‍ ഇന്നവേഷന്‍ അവാര്‍ഡ് എന്നിവയടക്കം ആറ് പുരസ്‌കാരങ്ങാണ് സൈബര്‍ ഡോം കരസ്ഥമാക്കിയത്.

കേരള പൊലീസിന് കീഴില്‍ പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ എഡിജിപി മനോജ് എബ്രഹാമിന്റെ ആശയത്തില്‍ ആരംഭിച്ചതാണ് സൈബര്‍ ഡോം. ലോകരാജ്യങ്ങളിലെ സൈബര്‍ അന്വേഷണരംഗത്ത് മുഖ്യ പങ്ക് വഹിക്കുന്ന സൈബര്‍ ഡോമിന്റെ നോഡല്‍ ഓഫീസറും മനോജ് എബ്രഹാം ഐപിഎസ് തന്നെയാണ്. രാജ്യാന്തര തലത്തില്‍ മികച്ച കുറ്റാന്വേഷണത്തിന് പേരു കേട്ട സൈബര്‍ ഡോമുമായി ഇന്റര്‍പോളും സഹകരിക്കുന്നുണ്ട്.

Top