ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ മോഷ്ടിച്ചു; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ ബന്ധുക്കള്‍ക്ക് നല്‍കാതെ സ്വന്തം സിം കാര്‍ഡിട്ട് ഉപയോഗിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം മംഗലപുരം മുന്‍ എസ് ഐയും ഇപ്പോള്‍ ചാത്തന്നൂര്‍ എസ് ഐയുമായ ജ്യോതി സുധാകറിനെയാണ് സസ്‌പെന്റ് ചെയ്തത്. തന്റെ ഔദ്യോഗിക സിം കാര്‍ഡ് ഇട്ടാണ് ഇയാള്‍ മരിച്ച വ്യക്തിയുടെ ഫോണ്‍ തട്ടിയെടുത്ത് ഉപയോഗിച്ചത്.

മംഗലപുരം സ്വദേശിയായ അരുണ്‍ ജെറിയുടെ ഫോണാണ് എസ് ഐ ഉപയോഗിച്ചത്. അരുണ്‍ ജെറി ജൂണ്‍ 18 ന് ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഫോണാണ് എസ്‌ഐ ഉപയോഗിച്ചത്. ഫോണ്‍ കാണാനില്ലെന്ന് അരുണിന്റെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഇപ്പോള്‍ ചാത്തന്നൂര്‍ എസ്‌ഐ ആയ ജ്യോതി സുധാകര്‍ മംഗലപുരം സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് ഫോണ്‍ എടുത്തത്. അരുണ്‍ ജെറിയുടെ ഇന്‍ക്വസ്റ്റ് നടത്തുമ്പോഴാണ് എസ്‌ഐ ഫോണെടുത്തത്.

പിന്നീട് ജ്യോതി സുധാകര്‍ മംഗലപുരത്ത് നിന്ന് സ്ഥലംമാറി പോയി. എന്നാല്‍ ഫോണ്‍ കാണുന്നില്ലെന്ന് ബന്ധുക്കള്‍ നിരന്തരം ആരോപണം ഉന്നയിച്ചുകൊണ്ടിരുന്നു. ഒടുവില്‍ സൈബര്‍ പൊലീസിലേക്കും പരാതി എത്തി. ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ എസ്‌ഐ തന്നെയാണ് കൈക്കലാക്കിയതെന്ന് മനസിലായത്. ഇതോടെയാണ് ജ്യോതി സുധാകറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

 

Top