ശ്യാമൾ മണ്ഡൽ കൊലക്കേസ് പ്രതിയുടെ ജാമ്യം; സിബിഐക്കും പ്രതിക്കും സുപ്രീംകോടതി നോട്ടീസ്

ദില്ലി: ശ്യാമൾ മണ്ഡൽ കൊലക്കേസിലെ പ്രതി മുഹമ്മദ് അലിക്ക് ജാമ്യം നൽകിയതിനെതിരെയായ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ്. ശിക്ഷാ വിധി റദ്ദാക്കണമെന്ന മുഹമ്മദ് അലിയുടെ ഹർജിയിലാണ് ഹൈക്കോടതി നേരത്തെ ജാമ്യം നൽകിയത്. ഹർജി തീർപ്പാക്കുന്നത് വരെ ജാമ്യം നൽകാതെയിരിക്കാൻ മതിയായ തെളിവുകൾ ഇല്ലെന്ന് നീരീക്ഷിച്ചായിരുന്നു ഹൈക്കോടതി നടപടി.

ഇതിനെതിരെയാണ് ശ്യാം മണ്ഡലിന്റെ പിതാവ് ബസുദേവ് മണ്ഡൽ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ മുഹമ്മദ് അലിക്കും, സി ബി ഐക്കും നോട്ടീസ് അയച്ചത്. മണ്ഡലിനായി അഭിഭാഷകരായ കെ പരമേശ്വർ, ആയുഷ് ആനന്ദ് എന്നിവർ ഹാജരായി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് വധക്കേസില്‍ പ്രതി മുഹമ്മദ് അലി കുറ്റക്കാരനെന്ന് സിബിഐ കോടതി വിധിച്ചത്.

ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷ. തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന ആന്‍ഡമാന്‍ സ്വദേശി ശ്യാമള്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കൊലപാതകം നടന്ന് 16 വര്‍ഷത്തിനുശേഷമാണ് തിരുവനന്തപുരം സിബിഐ കോടതി വിധി പറഞ്ഞത്. അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ശ്യാം മണ്ഡലിനെ 2005 ഒക്ടോബര്‍ 13നാണ് തട്ടിക്കൊണ്ടുപോയത്.

24- നു ശ്യാമളിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തി. ശ്യമളിന്‍റെ പിതാവിനോടുള്ള വിരോധവും സാമ്പത്തിക ബാധ്യതയുമാണ് പ്രതികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് സി ബി ഐ കുറ്റപത്രം. നേപ്പാൾ സ്വദേശി ദുർഗാ ബഹാദൂർ ഭട്ട് ഛേത്രി ആൻഡമാൻ സ്വദേശി മുഹമ്മദ് അലി എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. അന്വേഷണത്തിനിടെ നേപ്പാളിലേക്കു കടന്ന ദുർഗാ ബഹാദൂർ ഇപ്പോഴും ഒളിവിലാണ്.

Top